അമേരിക്കയിൽ യുപിഎസ് വിമാനം തകർന്നുവീണ് മരണം നാലായി; 11 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം ഊർജ്ജിതം

Advertisement

കെൻ്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണം നാലായി. കെൻ്റിക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകർന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാൾ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.

വിമാനത്താവളം ഉൾപ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകർന്നു വീണത്. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റൺവേ തുറന്നിട്ടുണ്ട്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കെൻ്റകി ഗവർണർ ആൻ്റി ബഷർ സ്ഥിരീകരിച്ചു. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

മക്ഡൊണൽ ഡഗ്ലസ് നിർമിക്ക എംഡി 11 എഫ് വിമാനമാണ് തകർന്നുവീണത്. ഈ കമ്പനി 1997 ൽ ബോയിങിൽ ലയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നാണ് ബോയിങിൻ്റെ പ്രതികരണം. ലൂയിസ്‌വില്ലെ നഗരം യുപിഎസ് കമ്പനിയുമായി വളരെയേറെ ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രദേശവാസികളായ ഭൂരിഭാഗം കുടുംബങ്ങളിൽ നിന്നുള്ളവരും യുപിഎസ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മെട്രോ കൗൺസിൽവുമൺ ബെറ്റ്സി റുഹെ പ്രതികരിച്ചു.

Advertisement