ഹിന്ദുമത വിശ്വാസിയായ ഭാര്യ ഉഷയുടെ മതം മാറ്റം: വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി യു.എസ്. വൈസ് പ്രസിഡന്റ്

Advertisement

വാഷിങ്ടൺ: ഭാര്യ ഉഷയുടെ മതവുമായി ബന്ധപ്പെട്ട് നടത്തിയ പരമാർശങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ ക്ഷുഭിതനായി പ്രതികരിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഭാര്യ ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും നിലവിൽ മതം മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഉയരുന്ന വിമർശനങ്ങൾ അറപ്പുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച വാൻസ്, പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ‘എക്‌സി’ലൂടെ അറിയിച്ചു.

ഭാര്യയുടെ മതം മാറ്റത്തെക്കുറിച്ചുള്ള ആഗ്രഹം- വാൻസിന്റെ പ്രസ്താവന

തന്റെ ഇന്ത്യൻ വംശജയായ, ഹിന്ദു മതത്തിൽ വളർന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു വാൻസിന്റെ പ്രസ്താവന. ബുധനാഴ്ച മിസിസിപ്പിയിൽ നടന്ന ‘ടേണിങ് പോയിന്റ് യു.എസ്.എ.’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഭാര്യയുടെ മതംമാറ്റത്തെ കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞത്. ഇന്ത്യൻ വംശജയായ ഹിന്ദു മതത്തിൽ വളർന്നയാളാണ് വാൻസിന്റെ ഭാര്യ ഉഷ. ഇപ്പോൾ മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയിൽ വരാറുണ്ട്. ഞാൻ ക്രിസ്ത്യൻ മത വിശ്വാസിയാണ്. എന്റെ ഭാര്യയും ഒരു ദിവസം അതേ രീതിയിൽ വിശ്വാസിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തങ്ങളുടെ മക്കളെ ക്രിസ്ത്യൻ മതവിശ്വാസികളായാണ് വളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പ്രതികരണമറിയിച്ചുകൊണ്ട് ‘എക്‌സി’ൽ വന്ന ഒരു പോസ്റ്റിന് മറുപടി നൽകിയ വാൻസ്, തന്റെ നിലപാട് വിശദീകരിച്ചു.

‘’എന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം, എന്നെ വിമർശിക്കുന്നതായി തോന്നുന്ന ഒരാളിൽ നിന്നായിരുന്നു. ഞാൻ ഒരു പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണ്, ആളുകൾക്ക് കൗതുകമുണ്ടാകും, അതുകൊണ്ട് ഞാൻ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പോകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ ഭാര്യ. വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിലേക്ക് തിരികെ വരാൻ എന്നെ പ്രോത്സാഹിപ്പിച്ചതുപോലും അവളാണ്. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ അവൾക്ക് പദ്ധതികളുമില്ല, എന്നാൽ ഒരു മിശ്രവിവാഹ ബന്ധത്തിലുള്ള പലരെയും പോലെ ഒരു ദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും, ഞാൻ അവളെ തുടർന്നും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും, വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യും, കാരണം അവൾ എന്റെ ഭാര്യയാണെന്നും വാൻസ് കുറിച്ചു.

Advertisement