ജമൈക്കയിൽ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്.തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം.
ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നിട്ടുണ്ട്.കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ്. നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങി.ജമൈക്കയിൽ പലയിടങ്ങളിലും 76 സെന്റിമീറ്റർ മഴ പെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മിന്നൽ പ്രളയങ്ങൾക്ക് ഇത് ഇടയാക്കിയേക്കും.ജമൈക്കയ്ക്ക് ശേഷം കൊടുങ്കാറ്റ് കിഴക്കൻ ക്യൂബയിലേക്കും പിന്നീട് ബഹാമാസിലേക്കും ടർക്ക്‌സ് ആൻഡ് കൈക്കോസ് ദ്വീപുകളിലേക്കും നീങ്ങാനാണ് സാധ്യത.
പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് തീരദേശമേഖലകളിൽ നിർബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിട്ടിരുന്നു.15,000 പേരെ അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.

































