സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബെൻ ബേഡർ 25ാം വയസിൽ അന്തരിച്ചു; മരണ കാരണം അജ്ഞാതം

Advertisement

മിയാമി: അമേരിക്കയിൽ നിന്നുള്ള പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബെൻ ബേഡർ മരണമടഞ്ഞെന്ന് പെൺസുഹൃത്ത് റീം. അമേരിക്കയിലെ മിയാമി സ്വദേശിയും ടിക്ടോക്, ഇൻസ്റ്റഗ്രാം, എക്‌സ് എന്നിവയിലായി 2000000 ത്തിലേറെ ഫോളോവേർസുള്ള ഫിനാൻസ് ഇൻഫ്ലുവൻസറായിരുന്നു ബെൻ ബാഡർ. ടിക് ടോകിൽ അവസാന വീഡിയോ പങ്കുവച്ച് മണിക്കൂറുകൾക്കകം മരണമടഞ്ഞു എന്നാണ് വിവരം.

ജീവിതത്തിൽ താൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും ദയാവായ്പ്പും കരുതലുമുള്ള ഉദാരമതിയായ വ്യക്തിയായിരുന്നു ബെൻ എന്ന് റീം കുറിച്ചു. ഓരോ മനുഷ്യരെയും ആത്മാർത്ഥമായാണ് ബെൻ സ്നേഹിച്ചതെന്നും റീം കുറിച്ചു.

സാമ്പത്തിക ഉപദേശങ്ങളിലൂടെയും തൻ്റെ ജീവിതശൈലിയിലൂടെയും അമേരിക്കയിലും പുറത്തും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയ ബെൻ 25ാം വയസിലാണ് മരണമടഞ്ഞത്. മരിച്ച ദിവസം രാത്രി ഒരു ഡിന്നർ ഡേറ്റ് പ്ലാൻ ചെയ്തിരുന്നുവെന്നും അതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് റീം പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്.

മരണകാരണം എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഊഹാപോഹങ്ങളിൽ ആരും വശംവദരാകരുതെന്ന് ബെന്നിൻ്റെ കുടുംബം ആരാധകരോട് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റീം പ്രതികരിച്ചത്.

Advertisement