ഗായകനും മോഡലുമായ ഫെഡെ ഡോര്‍ക്കാസ് വെടിയേറ്റ് മരിച്ചു

Advertisement

അര്‍ജന്റീനിയന്‍ ഗായകനും മോഡലുമായ ഫെഡെ ഡോര്‍ക്കാസ് (29) വെടിയേറ്റ് മരിച്ചു. മെക്‌സിക്കോയിലെ ഒരു പ്രശസ്ത ടെലിവിഷന്‍ നൃത്തമത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പരിപാടിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൊലപാതകം.
മെക്‌സിക്കോ സിറ്റിയില്‍ ആയിരുന്നു ആക്രമണം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച സംപ്രേഷണം ചെയ്യുന്ന ലാസ് എസ്‌ട്രെല്ലസ് ബൈലാന്‍ എന്‍ ഹോയ് എന്ന നൃത്ത റിയാലിറ്റി ഷോയില്‍ ആദ്യമായി പ്രത്യക്ഷപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു ഡോര്‍കാസ്. റിഹേഴ്‌സലുകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ രണ്ട് പേര്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞുനിര്‍ത്തി. കഴുത്തില്‍ ഉള്‍പ്പെടെ മൂന്ന് തവണ വെടിവച്ചു.
‘നോ എരെസ് തൂ’, ‘കാരാ ബോണിറ്റ’ തുടങ്ങിയവയാണ് ഡോര്‍ക്കാസിന്റെ പ്രശസ്തമായ ഗാനങ്ങള്‍. ആദ്യ സംഗീത ആല്‍ബമായ ‘ഇന്‍സ്റ്റിന്റോ’ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. മെക്‌സിക്കന്‍ നടിയും ഗായികയുമായ മരിയാന അവിലയുമായി പ്രണയത്തിലായിരുന്നു ഡോര്‍ക്കാസ്.

Advertisement