ന്യൂഡൽഹി: ഇന്ത്യൻ കമ്പനികളടക്കം 50 ഓളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്കയുടെ കടുത്ത നടപടി. ഇറാനിയൻ എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിൻ്റെ പേരിൽ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് നടപടിയെടുത്തത്. ഇറാന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കമ്പനികൾക്കും എതിരെയടക്കമാണ് നടപടി.
കോടിക്കണക്ക് ഡോളറിന്റെ പെട്രോളിയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യമാക്കിയതിലൂടെ ഇറാനും അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കും ഈ 50 പേരും സഹായം നൽകിയെന്നാണ് ആരോപണം. ഇന്ത്യൻ പൗരന്മാരായ വരുൺ പുല, സോണിയ ശ്രേഷ്ഠ, അയ്യപ്പൻ രാജ എന്നിവർക്ക് ഉപരോധം ഏർപ്പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു. മാർഷൽ ദ്വീപുകൾ ആസ്ഥാനമായുള്ള ബെർത്ത ഷിപ്പിംഗ് ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥൻ വരുൺ പുലയാണെന്നും 2024 ജൂലൈ മുതൽ ചൈനയിലേക്ക് ഏകദേശം നാല് ദശലക്ഷം ബാരൽ ഇറാനിയൻ എൽപിജി കടത്തിയ കൊമോറോസ് പതാകയുള്ള കപ്പലായ പാമിർ (IMO 9208239) ഈ കമ്പനിയുടേതാണെന്നും പ്രസ്താവനയിൽ പറയുന്നു.
മാർഷൽ ദ്വീപുകളിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എവി ലൈൻസ് ഇൻകോർപ്പറേറ്റഡിന്റെ ഉടമയാണ് അയ്യപ്പൻ രാജ. പനാമ പതാകയുള്ള സാപ്പയർ ഗ്യാസ് (IMO 9320738) ഇവരുടെ കപ്പലാണ്. 2025 ഏപ്രിൽ മുതൽ ഈ കപ്പൽ ഒരു ദശലക്ഷത്തിലധികം ബാരൽ ഇറാനിയൻ എൽപിജി ചൈനയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. കൊമോറോസ് പതാകയുള്ള നെപ്റ്റ (IMO 9013701) പ്രവർത്തിപ്പിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള വേഗ സ്റ്റാർ ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥത സോണിയ ശ്രേഷ്ഠയ്ക്കാണെന്ന് യുഎസ് ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി. 2025 ജനുവരി മുതൽ ഈ കപ്പൽ ഇറാനിയൻ എൽപിജി പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നു.
ഉപരോധ നടപടിക്ക് വിധേയരായ 50 പേരുടെയും അമേരിക്കയിലുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിക്കും. അമേരിക്കൻ പൗരന്മാർ കൈകാര്യം ചെയ്യുന്ന ഇവരുടെ സ്വത്തുക്കളും മരവിപ്പിക്കും. ഇവർക്ക് നിലവിലെ നിയമങ്ങൾക്കനുസരിച്ച് ഉപരോധ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.






































