സാൻ്റിയാഗോ: ചിലിയിൽ ശമ്പളത്തിൻ്റെ 300 ഇരട്ടി തുക അബദ്ധത്തിൽ ലഭിച്ചതിനെ തുടർന്ന് ജോലി രാജിവെച്ച ജീവനക്കാരൻ പണം തിരികെ നൽകേണ്ടെന്ന് കോടതി വിധി. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാരന് അനുകൂലമായ വിധി വന്നത്. ഡാൻ കൺസോർഷിയോ ഇൻഡസ്ട്രിയൽ ഡി അലിമെൻ്റോസ് ഡി ചിലി എന്ന കമ്പനിയിലെ അസിസ്റ്റന്റ് ജീവനക്കാരനായ ഒരാൾക്കാണ് അബദ്ധത്തിൽ വലിയ തുക കമ്പനി അക്കൗണ്ടിൽ ഇട്ടത്.
ഇദ്ദേഹത്തിന് സാധാരണയായി പ്രതിമാസം ഏകദേശം 386 ഡോളറാണ് ശമ്പളമായി ലഭിച്ചിരുന്നത് (34,265 രൂപ). എന്നാൽ, 2022 മെയ് മാസത്തിൽ കമ്പനി അബദ്ധത്തിൽ ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിലേക്ക് 127,000 ഡോളർ (1,12,73,155- ഒരു കോടി പന്ത്രണ്ട് ലക്ഷത്തി എഴുപത്തിമൂവായിരത്തി ഒരുന്നൂറ്റി അൻപത്തി അഞ്ച് രൂപ) എത്തി. തുക കൈപ്പറ്റിയതിന് ശേഷം പണം തിരികെ നൽകാമെന്ന് ജീവനക്കാരൻ ആദ്യം കമ്പനിക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം ഇദ്ദേഹം കമ്പനിയിൽ നിന്ന് രാജിവെച്ചു തുക തിരികെ നൽകിയതുമില്ല. ഇതിനെത്തുടർന്ന് കമ്പനി ജീവനക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച കേസ് ഫയൽ ചെയ്യുകയായിരുന്നു.
കോടതി വിധി നിർണ്ണായകം
സാൻ്റിയാഗോയിലെ ഒരു കോടതി കേസ് പരിഗണിച്ചപ്പോൾ ഇത് മോഷണമല്ലെന്നും മറിച്ച് “അനധികൃതമായി പണം കൈപ്പറ്റൽ” (unauthorised collection) ആണെന്നും വിധിച്ചു. ഈ നിയമപരമായ വ്യത്യാസം കാരണം, ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. ഇതോടെ കമ്പനിക്ക് പണം നഷ്ടമാകുന്ന സാഹചര്യമായി. പണം തിരികെ പിടിക്കാൻ കീഴ്ക്കോടതി വിധി അസാധുവാക്കാനുള്ള അപേക്ഷ ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ സാധ്യതകളും തേടുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.
































