ചരിത്രമെഴുതാൻ തകായിച്ചി, ജപ്പാനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിക്ക് കളമൊരുങ്ങുന്നു

Advertisement

ടോക്യോ: ജപ്പാനിൽ ചരിത്രമെഴുതാൻ സനേ തകായിച്ചി. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് തകായിച്ചി. ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനേ തകായിച്ചിയെ പുതിയ നേതാവായി തെരഞ്ഞെടുത്തതോടെയാണ് അവർ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.

64 കാരിയായ തകായിച്ചി, മുൻ പ്രധാനമന്ത്രി ജൂനിചിരോ കൊയിസുമിയുടെ മകനും 44 വയസ്സുള്ള മിതവാദിയുമായ ഷിൻജിറോ കൊയിസുമിയെ പരാജയപ്പെടുത്തിയാണ് പാർട്ടി നേതാവായത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പിൻഗാമിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതിനുള്ള പാർലമെന്ററി വോട്ടെടുപ്പ് ഒക്ടോബർ 15 ന് നടക്കും.

യുദ്ധാനന്തര കാലഘട്ടത്തിൽ ഭൂരിഭാഗവും എൽഡിപിയാണ് ജപ്പാൻ ഭരിച്ചതെങ്കിലും ഇഷിബയുടെ നേതൃത്വത്തിൽ പാർട്ടിക്കും സഖ്യകക്ഷിക്കും പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. വോട്ടർമാരുടെ ഉത്കണ്ഠകളെ പ്രതീക്ഷയാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് തകായിച്ചി തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു. ബ്രിട്ടന്റെ മാർഗരറ്റ് താച്ചറിനെ തന്റെ രാഷ്ട്രീയ മാതൃകയായി അവർ പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്.

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തകായിച്ചി, ശക്തമായ ദേശീയവാദ വീക്ഷണങ്ങൾക്കും, അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സാമ്പത്തിക പരിപാടിയായ അബെനോമിക്സിനെ പിന്തുണയ്ക്കുന്നതിനും പേരുകേട്ടതാണ്.

ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് വർദ്ധനവിനെ വിമർശിക്കുകയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര, നിക്ഷേപ കരാർ പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകുകയും ചെയ്തു. 1993-ൽ സ്വന്തം നാടായ നാരയിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവർ സാമ്പത്തിക സുരക്ഷാ മന്ത്രി ഉൾപ്പെടെ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

ഒരു കാലത്ത് ഒരു ഹെവി-മെറ്റൽ ബാൻഡിലെ ഡ്രമ്മറും മോട്ടോർ സൈക്കിൾ പ്രേമിയുമായിരുന്ന തകായിച്ചി. ജപ്പാന്റെ ഭരണഘടന പരിഷ്കരിക്കണമെന്നും തായ്‌വാനുമായുള്ള സുരക്ഷാ ബന്ധത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, തകായിച്ചിയുടെ ദേശീയവാദ നിലപാടുകൾ ചൈനയുമായും ദക്ഷിണ കൊറിയയുമായും ഉള്ള ബന്ധത്തെ വഷളാക്കിയേക്കാമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. ആഭ്യന്തരമായി, അവരുടെ പരുഷമായ നയങ്ങൾ കൂടുതൽ മിതവാദികളും ബുദ്ധമത പിന്തുണയുള്ളതുമായ കൊമൈറ്റോയുമായുള്ള പാർട്ടിയുടെ സഖ്യത്തെ അസ്വസ്ഥമാക്കിയേക്കാമെന്ന് എപി റിപ്പോർട്ട് ചെയ്തു.

Advertisement