മാഞ്ചസ്റ്ററിൽ സിനഗോഗിന് മുന്നിലെ ആക്രമണം: അക്രമിയെ വെടിവെച്ച് കൊന്ന് പോലീസ്

Advertisement

മാഞ്ചസ്റ്റർ: ബ്രിട്ടണെ നടുക്കി മാഞ്ചസ്റ്ററില്‍ ജൂതരുടെ പുണ്യദിനത്തില്‍ സിനഗോഗിന് മുന്നില്‍ ആക്രമണം. മാഞ്ചസ്റ്ററിലെ മിഡില്‍ടണ്‍ റോഡിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് മുന്നിലാണ് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ജൂത മത കലണ്ടര്‍ അനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പൂര്‍ ആചരണത്തിനിടയിലാണ് ആക്രമണം.ജനക്കൂട്ടത്തിന് നേരെ അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് അതീവ ഗുരുതരമായി പരുക്കേറ്റെന്നും പൊലീസ് വ്യക്തമാക്കി.

മാഞ്ചെസ്റ്ററില്‍ ഇന്നലെ ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പ് നടത്തിയതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ രണ്ട് പേര്‍ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷന്‍മാരും മൂന്നാമത്തെയാള്‍ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സിറിയന്‍ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൌരനായ ജിഹാദ് അല്‍ ഷമി എന്നയാളാണ് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.

Advertisement