ന്യൂയോർക്ക്: വീട്ടിലേക്ക് അതിക്രമിച്ച കയറി 21കാരൻ 36കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ ന്യൂയോർക്കിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ലൈംഗിക പീഡനക്കേസിലാണ് 21കാരൻ അറസ്റ്റിലായത്. പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് കെന്നത്ത് സിരിബോ എന്ന യുവാവ് 36കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
യുവതിയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ ഞെക്കി ശ്വാസം മുട്ടിച്ചതിന് പിന്നാലെ മുഖത്തും ശരീരത്തും മർദ്ദിച്ച ശേഷമായിരുന്നു പീഡനം. പണം നൽകാമെന്ന് 36കാരി പറഞ്ഞതോടെയാണ് 21കാരൻ ലൈംഗികമായി പീഡിപ്പിക്കുന്നത് അവസാനിച്ചതെന്നാണ് 36കാരി പൊലീസിൽ നൽകിയ പരാതിയിൽ വിശദമാക്കുന്നത്. ഇയാൾ കെട്ടിടത്തിൽ നിന്ന് പാതി ഊരിയ നിലയിലുള്ള പാന്റ് ഇടാൻ ശ്രമിച്ചുകൊണ്ട് കെട്ടിടത്തിന് പുറത്തേക്ക് പോവുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. യുവതിയുടെ മുറിയിൽ നിന്ന് 250 ഡോളറും യുവതിയുടെ തിരിച്ചറിയൽ രേഖകളും താക്കോലുകളും എടുത്താണ് യുവാവ് പുറത്ത് പോയത്.
ന്യൂയോർക്ക് പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച രാവിലെ യുവാവിനെ പിടികൂടി. എന്നാൽ എങ്ങനെയാണ് ജനവാസ മേഖലയിലെ കെട്ടിടത്തിലേക്ക് യുവാവ് കയറിയതെന്ന് ഇനിയും വ്യക്തമല്ല. ബലാത്സംഗം, കൊള്ള, അതിക്രമിച്ച് കയറൽ, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് 21കാരനെതിരെ ചുമത്തിയിട്ടുള്ളത്, ന്യൂജേഴ്സിയിൽ നിന്നാണ് ഇയാൾ ന്യൂയോർക്കിലെത്തിയിട്ടുള്ളത്. 36കാരിയെ നോർത്ത് സെൻട്രൽ ബ്രോങ്ക് ആശുപത്രിയിൽ പരിക്കുകളോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തിടെയായി മേഖലയിൽ ബലാത്സംഗ കേസുകൾ വർദ്ധിക്കുന്നതായാണ് പുറത്ത് വരുന്ന കണക്കുകൾ. 2025ൽ മാത്രം 399 ബലാത്സംഗ കേസുകളാണ് ബ്രോങ്ക്സ് മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 27 ശതമാനം വർദ്ധനവാണ് ബലാത്സംഗ കേസുകളിലുള്ളത്.






































