ആവശ്യമെങ്കിൽ ആണവ പദ്ധതി സൌദിക്ക് ലഭ്യമാക്കുമെന്ന് പാകിസ്ഥാൻ

Advertisement

ആവശ്യമെങ്കിൽ ആണവ പദ്ധതി സൌദിക്ക് ലഭ്യമാക്കുമെന്ന് പാകിസ്ഥാൻ. കഴിഞ്ഞ ദിവസം സൌദിയും പാകിസ്താനും ഒപ്പുവെച്ച പ്രതിരോധ കരാർ പ്രകാരമാണ് ആണവ മേഖലയിലെ സഹകരണം. ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് സൌദിയിലേക്ക് ആണവ പദ്ധതി വരുന്നത് എന്നത് ശ്രദ്ധേയമാണ്.

സൌദിയും പാകിസ്താനും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആണ് ആണവ പദ്ധതി സഹകരണത്തെ കുറിച്ച് പരാമർശിച്ചത്. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫും ഒപ്പുവെച്ച കരാർ പ്രകാരം സൌദിക്ക് ആവശ്യമെങ്കിൽ പാകിസ്ഥാന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഏക ആണവായുധ രാഷ്ട്രമായി കരുതപ്പെടുന്നത് ഇസ്രായേൽ ആണ്. സൌദിക്ക് കൂടി ആണവായുധ പദ്ധതി ലഭ്യമായാൽ ഈ മേഖലയിലെ ഇസ്രായേലിന്റെ ആധിപത്യം ഇല്ലാതാകും. ഖത്തറിലെ ഇസ്രായേൽ ആക്രമണത്തോടെ ഗൾഫ് മേഖലയിൽ ഉടലെടുത്ത ആശങ്കകൾക്ക് പിന്നാലെയാണ് സൌദി-പാക് കരാർ എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ അത് തങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കി ഒരുമിച്ച് നേരിടുമെന്ന് സൌദി പാക് കരാർ പറയുന്നു. വർഷങ്ങളായി സൈനിക സഹകരണ കരാർ ഉള്ള രാജ്യങ്ങളാണ് സൌദിയും പാകിസ്താനും. ഇത് ആണവ മേഖലയിലേക്ക് കൂടി കടക്കുന്നതോടെ സഹകരണം പുതിയ തലത്തിലെത്തുകയാണ്. അതേസമയം സൌദി പാക് പ്രതിരോധ കരാർ ദേശീയ സുരക്ഷയെ എങ്ങിനെ ബാധിക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ.

Advertisement