ടെല്‍ അവീവ്: ഇസ്രായേലിന്റെ കരയാക്രമണത്തില്‍ ഗസ്സ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് പതിനായിരക്കണക്കിനാളുകള്‍.
രണ്ട് വർഷത്തെ യുദ്ധത്തിനിടയില്‍ ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗസ്സ സിറ്റിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്രായേല്‍ കരയാക്രമണത്തെക്കുറിച്ച് ‘ഗസ്സ കത്തുന്നു’വെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഫലസ്തീനികളുടെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെക്കുന്നത്. ഗസ്സ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ ഗസ്സ സിറ്റിയില്‍ തന്നെ തങ്ങാൻ നിരവധിപ്പേർ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.
ഫലസ്തീനു നേരെ ഇസ്രായേല്‍ അക്രമണം തുടങ്ങുന്ന സമയം ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് ഗസ്സ സിറ്റിയിലുണ്ടായിരുന്നത്. 4,50,000 ത്തോളം ആളുകള്‍ നിലവില്‍ പലായനം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ഗസ്സ സിറ്റി പിടിച്ചടക്കണമെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ശനിയാഴ്ച മാത്രം 43 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൻറെ പട്ടിണിക്കൊലയില്‍ കുഞ്ഞുങ്ങളടക്കം 441 പേരുടെ ജീവനാണ് പൊലിഞ്ഞത്. വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ അതിക്രമം രൂക്ഷമാണ്. 24 മാസങ്ങള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഇസ്രായേല്‍ ഗസ്സ സിറ്റിക്ക് നേരെ നടത്തുന്നത്. വ്യോമാക്രമണത്തിനു പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്‌ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങളാണ് തകർക്കുന്നത്. ഇപ്പോഴും നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.


































