18 വയസുള്ളപ്പോൾ ലൈംഗികാതിക്രമത്തിനിടെ അക്രമിയുടെ നാവ് കടിച്ചെടുത്ത യുവതി ശിക്ഷിക്കപ്പെട്ടു; 60 വർഷത്തിന് ശേഷം വിധി തിരുത്തി

Advertisement

സോൾ: അറുപത് വർഷത്തിലധികം പഴക്കമുള്ള കേസിൽ ദക്ഷിണ കൊറിയൻ കോടതി ഒരു സ്ത്രീയെ കുറ്റവിമുക്തയാക്കി. ലൈംഗികാതിക്രമത്തിനിടെ അക്രമിയുടെ നാവ് കടിച്ചെടുത്തതിന് 18 വയസ്സുള്ളപ്പോൾ ശിക്ഷിക്കപ്പെട്ട ചോയ് മാൽ-ജ എന്ന സ്ത്രീക്കാണ് കോടതി നീതി ഉറപ്പാക്കിയത്. സ്വയം പ്രതിരോധത്തിനായി നടത്തിയ പ്രവൃത്തി കുറ്റകരമല്ലെന്ന് കോടതി വിലയിരുത്തി.

ലൈംഗികാതിക്രമത്തിനിടെ ഒരു പുരുഷന്റെ നാവ് കടിച്ചെടുത്ത് മുറിവേൽപ്പിച്ചുവെന്ന് ആരോപിച്ച് 10 മാസത്തെ തടവിനായിരുന്നു അന്ന് ചോയ് മാൽ-ജയെ ശിക്ഷിച്ചത്. എന്നാൽ, ആക്രമണം നടത്തിയ 21-കാരന് അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തിയതിനും ആറുമാസത്തെ തടവ് മാത്രമാണ് ലഭിച്ചത്. ലൈംഗികാതിക്രമ ശ്രമത്തിന് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നില്ല.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, മി ടു മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ബുസാൻ ജില്ലാ കോടതി കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു. അക്രമിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ചോയ് ചെയ്ത പ്രവൃത്തി ന്യായമായ സ്വയംരക്ഷയാണെന്ന് കോടതി വിധിച്ചു. പ്രോസിക്യൂട്ടർമാർ മാപ്പ് പറയുകയും അവരുടെ പേര് കുറ്റവിമുക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളോളം താനൊരു ഇരയിൽ നിന്ന് പ്രതിയായി മാറിയെന്നും നിരപരാധിയായി പ്രഖ്യാപിച്ചതിൽ ആശ്വാസമുണ്ടെന്നും ചോയ് മാൽ-ജ പ്രതികരിച്ചു.

അധികാരദുർവിനിയോഗം നടത്തിയവരെയും നിയമത്തെ ദുരുപയോഗം ചെയ്തവരെയും അവർ വിമർശിച്ചു. ഈ വിധി ദക്ഷിണ കൊറിയയിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. സ്വയം രക്ഷിക്കാനായി സ്ത്രീകൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ സമൂഹം കൂടുതൽ മനസ്സിലാക്കുമെന്നതിൻ്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യാനാണ് ചോയിയുടെ നീക്കം.

Advertisement