മ്യാന്‍മറില്‍ വ്യോമാക്രമണം; 19 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

Advertisement

പടിഞ്ഞാറന്‍ മ്യാന്‍മറിലെ രാഖിനെയിലുണ്ടായ വ്യോമാക്രമണത്തില്‍ 19 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 22 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി ഗോത്ര സൈനിക സംഘമായ അരക്കന്‍ ആര്‍മി വാര്‍ത്താ ഏജന്‍സിയായ എഫ്പിയോട് പറഞ്ഞു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ക്യുക്താവ് ടൗണ്‍ഷിപ്പിലാണ് ആക്രമണമുണ്ടായത്. അരക്കന്‍ ആര്‍മിയും മ്യാന്‍മറിന്റെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയായിരുന്നു വ്യോമാക്രമണം. കൊല്ലപ്പെട്ടവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

ക്യുക്താവിലെ രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലാണ് വ്യോമാക്രമണം നടന്നത്. 15നും 21നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രാജ്യം ഭരിക്കുന്ന ജന്ത മിലിട്ടറിയാണ് ആക്രമണത്തിന് പിന്നിലെന്ന് അരക്കന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു.

2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. സൈനിക അട്ടിമറിക്ക് ശേഷം മ്യാന്‍മര്‍ രാഷ്ട്രീയവും സായുധവുമായ പ്രക്ഷുബ്ധാവസ്ഥയിലാണ്.

ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങള്‍ താറുമാറായതിനാല്‍ പ്രദേശവുമായുള്ള ആശയവിനിമയം ഇപ്പോഴും പരിമിതമാണ്. രാജ്യത്തുടനീളമുള്ള സംഘര്‍ഷ മേഖലകളിലെ സാധാരണ ജനങ്ങള്‍ക്കെതിരെ വ്യോമ, പീരങ്കി ആക്രമണങ്ങള്‍ സൈന്യം നിരന്തരം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

Advertisement