വിദ്വേഷ സന്ദേശങ്ങൾക്കെതിരെയുള്ള കുറിപ്പുകളോട് കൂടിയ ബുള്ളറ്റ് കേസുകൾ, ചാർളി കിർക്കിനെ കൊലപ്പെടുത്തിയത് 22കാരൻ

Advertisement

ന്യൂയോർക്ക്: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് 22കാരൻ. ടെയ്ല‍ർ റോബിൻസൺ എന്ന 22കാരന്റെ ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് ശേഷം ടെയ്ലർ റോബിൻസൺ പൊലീസ് സ്റ്റേഷനിൽ ബന്ധുവിനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു. വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഓഫീസിലാണ് 22 കാരൻ കീഴടങ്ങിയതെന്നാണ് എഫ്ബിഐ വിശദമാക്കുന്നത്.

നേരത്തെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതി പിടിയിലായതായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ് വിശദമാക്കിയിരുന്നു. അടുത്തിടെയാണ് 22കാരൻ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. സെപ്തംബർ പത്തിന് ബന്ധുവിനോട് ചാർളി കിർക്ക് ഉട്ടാ വാലി സർവ്വകലാശാലയിൽ വരുന്നതായി 22കാരൻ പറഞ്ഞിരുന്നു. അടുത്തിടെയായി ചാർളി കിർക്ക് പറയുന്നത് വെറുപ്പും വിദ്വേഷവുമാണെന്ന് 22കാരൻ ബന്ധുവിനോട് പറഞ്ഞിരുന്നുവെന്നാണ് അന്ത‍ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉപയോഗിച്ചത് വേട്ടക്കാരുടെ പ്രിയപ്പെട്ട ഹൈ പവർ ബോൾട്ട് ആക്ഷൻ റൈഫിൾ

ഹൈ പവർ ബോൾട്ട് ആക്ഷൻ റൈഫിളാണ് വെടിവയ്പിന് ഉപയോഗിച്ചതെന്ന് അന്വേഷക സംഘം വിശദമാക്കിയിരുന്നു. ഓട്ടോമാറ്റിക് റൈഫിളിൽ നിന്ന് വ്യത്യസ്തമായി ഓരോ റൗണ്ട് വെടിയുതിർത്ത ശേഷവും തിര നിറയ്ക്കുന്ന തരം തോക്കുകളാണ് ഇത്. എന്നാൽ ദീർഘദൂരത്തേക്ക് അടക്കം കൃത്യതയോടെ വെടിവയ്ക്കാൻ സാധിക്കുന്നതിനാൽ വേട്ടക്കാരടക്കമുള്ളവർക്ക് ഏറെ പ്രിയപ്പെട്ട ഇനം തോക്കാണ് 22കാരൻ അക്രമത്തിന് ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് കുറിപ്പുകളോടെയാണ് വെടിവയ്പ് നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകളുടെ കേസ് പൊലീസ് കണ്ടെത്തിയത്. ഒന്നിൽ ഹേയ് ഫാസിസ്റ്റ് ക്യാച്ച് എന്നും രണ്ടാമത്തെ കേസിൽ ഓ ബെല്ല ചാവോ എന്നും മൂന്നാമത്തെ കേസിൽ നിങ്ങളിത് വായിക്കുന്നുവെങ്കിൽ നിങ്ങളൊരു ഗേ ആണ് എന്നുമായിരുന്നു കുറിച്ചിരുന്നത്.

ഉട്ടാ വാലി സർവകലാശാലയിലെ വിദ്യാർത്ഥി അല്ല അറസ്റ്റിലായ 22കാരൻ. ക്യാംപസിൽ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്ത് വന്നിരുന്നു. 22കാരൻ ടി ഷർട്ടും തൊപ്പിയും ധരിച്ച് ക്യാംപസിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിആ 100000 ഡോളറാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. വാഷിംഗ്ടൺ കൗണ്ടി വിഭാഗത്തിലെ വിരമിച്ച ഷെരീഫാണ് 22കാരന്റെ പിതാവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അംഗപരിമിതർക്കായുള്ള സേവനം നൽകുന്ന കരാർ സ്ഥാപനത്തിലാണ് 22കാരന്റെ അമ്മ ജോലി ചെയ്യുന്നത്. ബുധനാഴ്ച നടന്ന വെടിവയ്പിൽ ചാർളി കിർക്കിന്റെ കഴുത്തിനാണ് വെടിയേറ്റത്.

Advertisement