യുവാക്കളുടെ പ്രതിഷേധ കൊടുങ്കാറ്റിൽ മുട്ടുകുത്തി നേപ്പാൾ പ്രസിഡൻ്റും രാജിവെച്ചു

Advertisement

കാഠ്മണ്ഡു: ജെൻ സീ വിപ്ലവത്തിന് മുന്നിൽ മുട്ടുകുത്തി നേപ്പാൾ സർക്കാർ. സാമൂഹികമാധ്യമങ്ങളുടെ നിരോധനത്തിനെതിരേ സംഘടിച്ച രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിൽ ഒടുവിൽ പ്രധാനമന്ത്രിക്ക് പിറകെ പ്രസിഡൻ്റ് രാം ചന്ദ്രപൗഡേലും രാജിവെച്ചു. യുവാക്കളുടെ പ്രക്ഷോഭം കലാപത്തിലേക്കും അക്രമത്തിലേക്കും നീങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായ പ്രധാനമന്ത്രിയുടെ രാജി വെച്ചത്.

പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പുറത്താക്കണമെന്നും സർക്കാർ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ മുതൽ യുവാക്കൾ വീണ്ടും തെരുവിലിറങ്ങിയത്. കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളുടെ നിരോധനത്തിനെതിരേയാണ് ജെൻ സീ വിപ്ലവം എന്ന പേരിൽ യുവാക്കൾ നേപ്പാളിൽ പ്രക്ഷോഭം ആരംഭിച്ചത്. 19 പേരാണ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളുടെ നിരോധനം സർക്കാർ നീക്കിയെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. കെ.പി. ശർമ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സർക്കാർ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവാക്കൾ പ്രക്ഷോഭം തുടരുകയായിരുന്നു.

‘കെ.പി. ചോർ, ദേശ് ഛോഡ്’ (കെ.പി. ശർമ ഒലി കള്ളനാണ്, രാജ്യം വിടൂ) എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുവാക്കൾ ചൊവ്വാഴ്ച തെരുവിലിറങ്ങിയത്. വിദ്യാർഥികളെ കൊല്ലരുതെന്നും രാജ്യത്തെ അഴിമതിക്ക് അവസാനം കുറിക്കണമെന്നും മുദ്രാവാക്യങ്ങളുയർന്നു. കഴിഞ്ഞദിവസത്തെ സമരങ്ങൾക്കിടെ 19 പേർ കൊല്ലപ്പെട്ടതോടെയാണ് യുവാക്കളുടെ പ്രക്ഷോഭത്തിന്റെ തീവ്രത കൂടിയത്.

Advertisement