പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വാ ബൈറു അവിശ്വാസവോട്ടെടുപ്പിൽ പുറത്തായി. രണ്ടു പൊതു അവധിദിനങ്ങൾ റദ്ദാക്കുന്നതുൾപ്പെടെ ചെലവുചുരുക്കലിനുള്ള വിവാദ പദ്ധതികൾ മുന്നോട്ടുവച്ച് ജനരോഷം ക്ഷണിച്ചുവരുത്തിയതാണ് ബൈറുവിന്റെ പുറത്താക്കലിൽ കലാശിച്ചത്. 364 എംപിമാരാണ് ബൈറുവിനെതിരെ വോട്ടു ചെയ്തത്. 194 പേർ അനുകൂലിച്ചു.
ഫ്രാൻസിന്റെ കടബാധ്യതയ്‌ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കൽ പദ്ധതിയാണ് ബൈറു(74)വിനു വിനയായത്. ഇദ്ദേഹം പ്രധാനമന്ത്രിയായിട്ട് 9 മാസമേ ആയിട്ടുള്ളൂ. ബൈറുവിന്റെ മുൻഗാമി മിഷെൽ ബാർന്യേ വെറും മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്.
ബൈറു ഇന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ കണ്ടു രാജി സമർപ്പിക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മക്രോയ്ക്കു കീഴിൽ 2 വർഷത്തിനുള്ളിൽ പുറത്താകുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ബൈറു. 2027 വരെയാണ് മക്രോയുടെ ഭരണകാലാവധി.






































