നേപ്പാൾ പ്രക്ഷോഭം: ആഭ്യന്തര മന്ത്രി രാജിവെച്ചു, മരണം 20 ആയി

Advertisement

കാഠ്മണ്ഡു: കെ.പി. ശർമ ഒലി സർക്കാറിന്‍റെ അഴിമതിയിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ച നടപടിയിലും പ്രതിഷേധിച്ച് യുവാക്കൾ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നതിനിടെ, അടിയന്തര ക്യാബിനറ്റ് യോഗത്തിൽ ധാർമിക ഉത്തരവാദിത്തമേറ്റ് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖാക് രാജിവെച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിന് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി പദവിയൊഴിഞ്ഞത്. ‘സമൂഹമാധ്യമമല്ല, അഴിമതി അവസാനിപ്പിക്കൂ’, ‘സമൂഹമാധ്യമ വിലക്ക് നീക്കൂ’, ‘അഴിമതിക്കെതിരെ യുവാക്കൾ’ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധക്കാർ മാർച്ച് നടത്തുന്നത്.

പാർലമെന്‍റിന് സമീപത്തും കാഠ്മണ്ഡുവിലെ അതിസുരക്ഷാ മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്‍റിലെ പ്രവേശന നിരോധനമുള്ള മേഖലയിലേക്ക് കടന്നുകയറിയ പ്രക്ഷോഭകർക്കുനേരെ സുരക്ഷാ സേന വെടിയുതിർത്തു. 20 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മാധ്യമ പ്രവർത്തകരുൾപ്പെടെ 250ലേറെ പേർക്ക് പരിക്കേറ്റു. അഴിമതിയിൽ മുങ്ങിയ ഭരണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാഠ്മണ്ഡുവിന് പുറമെ പ്രധാന നഗരങ്ങളിലെല്ലാം നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പലയിടത്തും സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Advertisement