അത് അമേരിക്കയുടെ ‘നല്ല ഐഡിയ’, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ നീക്കത്തിന് സെലെൻസ്കിയുടെ പിന്തുണ

Advertisement

കീവ് : റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന ഇന്ത്യയടക്കം രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ അധിക താരിഫിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി. അമേരിക്കയുടെ ആശയം ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ ‘എബിസി’യോട് സംസാരിക്കവെ, സെലൻസ്കി അഭിപ്രായപ്പെട്ടു.

റഷ്യ ക്രൂഡ് ഓയിൽ വ്യാപാരത്തിലൂടെ നേടുന്ന സമ്പത്ത് യുക്രൈനെതിരായ യുദ്ധത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യയടക്കം രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയത്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് 25% പിഴ താരിഫ് ചുമത്തിയത്. ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള താരിഫ് 50% ആക്കി ഉയർത്തിയതോടെ ഇന്ത്യ-അമേരിക്ക ബന്ധവും ഉലഞ്ഞു. ട്രംപിനെ പിന്തുണച്ച സെലൻസ്കി ട്രംപ് ഭരണകൂടത്തിന്റെ ഈ ആശയം ശരിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

റഷ്യൽ പ്രസിഡന്റ് പുടിൻ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി എന്നിവരുടെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് റഷ്യയോട് വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ താരിഫ് ചുമത്തുന്നത് നല്ല ആശയമാണെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. യുക്രെയ്‌നെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു ആയുധമായി ഉപയോഗിക്കുന്നത് ഊർജ്ജ വ്യാപാരമാണെന്നും ഇത് നിർത്തി റഷ്യയുടെ ഈ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറാകണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.

റഷ്യയുമായുള്ള ഊർജ്ജ വ്യാപാരം തുടരുന്നതിന് യുക്രെയ്ന്റെ യൂറോപ്യൻ പങ്കാളികളെയും സെലെൻസ്കി വിമർശിച്ചു. ഇത് ശരിയായ നടപടിയല്ലെന്നും റഷ്യയിൽ നിന്നുള്ള എല്ലാ വ്യാപരങ്ങളും നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലാസ്കയിൽ വച്ച് ട്രംപും പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും സെലൻസ്കി പ്രതികരിച്ചു. യുക്രെയ്ൻ അവിടെ ഇല്ലാതിരുന്നത് നിർഭാഗ്യകരമാണെന്നും ട്രംപ് പുടിന് ആവശ്യമുള്ളത് നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ചകൾക്കായി മോസ്കോയിലേക്ക് വരാനുള്ള പുടിന്റെ ക്ഷണം സെലൻസ്കി നിരസിച്ചു. തന്റെ രാജ്യം മിസൈൽ ആക്രമണത്തിന് വിധേയമാകുമ്പോൾ തനിക്ക് മോസ്കോയിലേക്ക് പോകാൻ കഴിയില്ലെന്നും പകരം പുടിന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് വരാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement