കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളില്‍ ദുരന്തബാധിതരായ സ്ത്രീകള്‍ അനുഭവിക്കുന്നത് നരകയാതനകളെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തില്‍പെട്ടുപോയ സ്ത്രീകളെ സഹായിക്കാൻ രക്ഷാപ്രവർത്തകർ തയ്യാറാകാത്തതാണ് സ്ത്രീകള്‍ക്ക് വെല്ലുവിളിയാകുന്നത്. ഭൂകമ്പത്തില്‍ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ രക്ഷപെടുത്താൻ പോലും രക്ഷാപ്രവർത്തകർ തയ്യാറല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും താലിബാൻ ഏർപ്പെടുത്തിയ ലിംഗ നിയന്ത്രണങ്ങളുമാണ് ദുരന്തത്തില്‍പെട്ട അഫ്ഗാൻ സ്ത്രീകള്‍ക്ക് വിനയാകുന്നത്.
പുരുഷന്മാർക്ക് സ്പർശിക്കുന്നതില്‍ നിന്ന് വിലക്കുന്ന ‘ബന്ധമില്ലാത്ത പുരുഷന്മാരുമായി ചർമ്മ സമ്പർക്കം പാടില്ല’ എന്ന നിയമമാണ് അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍പെട്ടുപോയ യുവതികള്‍ക്ക് പ്രതിസന്ധിയാകുന്നത്. ഈ നിമയം കാരണം തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ് കുടുങ്ങിക്കിടക്കുന്നവരെ പോലും പുറത്തെടുക്കാൻ രക്ഷാപ്രവർത്തകരായ പുരുഷന്മാർ ഭയക്കുകയാണ്.
ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധു, അവളുടെ അച്ഛൻ, സഹോദരൻ, ഭർത്താവ് അല്ലെങ്കില്‍ മകൻ എന്നിവർക്ക് മാത്രമേ അവളെ തൊടാൻ അനുവാദമുള്ളൂ എന്നാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നിയമം. അതുപോലെ, സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ തൊടുന്നതും വിലക്കിയിരിക്കുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലും മറ്റ് പൊതു മേഖലകളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ഭൂകമ്പ മേഖലയിലെ രക്ഷാപ്രവർത്തനത്തില്‍ പുരുഷന്മാർ മാത്രമാണ് ഏർപ്പെട്ടിരിക്കുന്നത്. പുരുഷന്മാരായ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളെ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകരില്‍ ചിലർ വസ്ത്രങ്ങളിലും മറ്റും പിടിച്ചാണ് പല സ്ത്രീകളുടെയും മൃതശരീരങ്ങൾ പുറത്തെടുത്തത്.
താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം പ്രകൃതിദുരന്തത്തെക്കാള്‍ വലിയ പ്രതിസന്ധിയാണ് രക്ഷാപ്രവർത്തനത്തിന് ഉണ്ടാക്കിയത്. കഴിഞ്ഞ നാലു വർഷമായി കർശനമായ നിയന്ത്രണങ്ങളാണ് രാജ്യത്തെ സ്ത്രീകള്‍ നേരിടുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഉണ്ടായിരുന്ന സ്ത്രീകളെ സഹായിക്കാൻ ആരും തയ്യാറായില്ലെന്നും എന്തെങ്കിലും സഹായം വേണമെന്ന് ചോദിച്ച് ആരും അവരെ സമീപിച്ചതുപോലുമില്ലെന്ന്ന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനം ഉണ്ടായി മുപ്പത്തിയാറ് മണിക്കൂറിന് ശേഷമാണ് തങ്ങളുടെ പ്രവിശ്യയില്‍ രക്ഷാപ്രവർത്തനം നടത്താനെത്തിയവരെ കാണാൻ സാധിച്ചതെന്ന് ദുരന്തബാധിതയായ ബിബി ഐഷ എന്ന യുവതിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘം പരിക്കേറ്റ പുരുഷന്മാരെയും കുട്ടികളെയും രക്ഷപ്പെടുത്തുമ്പോഴും സ്ത്രീകളെ ഒഴിവാക്കി, പരിക്കേറ്റ പലരും രക്തംവാർന്ന് അവശനിലയിലായിരുന്നു അപ്പോഴെന്നും ഐഷ പറയുന്നു. സ്ത്രീകളെല്ലാം അദൃശ്യരാണെന്ന നിലയിലായിരുന്നു രക്ഷാപ്രവർത്തകരുടെ പ്രവർത്തനമെന്നാണ് ആക്ഷേപം ഉയരുന്നത്.
2200 പേർ മരിച്ചപ്പോള്‍ 3600 പേർക്കാണ് ഭൂചലനത്തില്‍ പരിക്കേറ്റത്. താലിബാൻ ഭരണത്തില്‍ എല്ലാ സ്വാതന്ത്ര്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് സ്ത്രീകള്‍ അഫ്ഗാനിസ്ഥാനില്‍ കഴിയുന്നത്. ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം പോലും ഇല്ലാതാക്കിയിരിക്കുകയാണ്.





































