പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു

Advertisement

റോം: പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി (91) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ‘അങ്ങേയറ്റം ദു:ഖത്തോടെ അർമാനി ഗ്രൂപ്പ് അതിന്റെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായ ജോർജിയോ അർമാനിയുടെ വിയോഗം അറിയിക്കുന്നു.’-അർമാനി ഗ്രൂപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കിങ് ജോർജിയോ എന്നറിയപ്പെടുന്ന അർമാനി, അദ്ദേഹത്തിന്റെ ആധുനിക ഇറ്റാലിയൻ ശൈലിക്കും ചാരുതയ്ക്കും പേരുകേട്ട വ്യക്തിയായിരുന്നു. ഡിസൈനറുടെ കഴിവിനൊപ്പം ഒരു ബിസിനസുകാരന്റെ സൂക്ഷ്മബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിവർഷം ഏകദേശം 2.3 ബില്യൺ യൂറോ വിറ്റുവരവുള്ള കമ്പനിയായി അർമാനി ഗ്രൂപ്പിനെ അദ്ദേഹം വളർത്തിയെടുത്തു.
ഭൗതികശരീരം സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ മിലാനിൽ പൊതുദർശനത്തിന് വെക്കുമെന്നും, തുടർന്ന് സ്വകാര്യമായി സംസ്കാര ചടങ്ങുകൾ നടക്കുമെന്നും അർമാനി ഗ്രൂപ്പ് അറിയിച്ചു.

അനാരോഗ്യം കാരണം അദ്ദേഹം ജൂണിൽ നടന്ന മിലാൻ മെൻസ് ഫാഷൻ വീക്കിൽ പങ്കെടുത്തിരുന്നില്ല. അന്ന് കരിയറിൽ ആദ്യമായി ഒരു പ്രധാന ഫാഷൻ ഷോയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.

Advertisement