കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച ഭൂചലനമുണ്ടായ അതേ മേഖലയില്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്ന് അറിയുന്നു. ഞായറാഴ്ച നടന്ന ഭൂകമ്ബത്തിന്റെ തീവ്രത 6 ആയിരുന്നു. 8 കിലോമീറ്റർ താഴെയായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുതിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയും തുടർചലനം നടന്നിരുന്നു. 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതിനു പിന്നാലെയാണ് കുറെക്കൂടി ശക്തമായ ഭൂചലനം നടക്കുന്നത്.
അതെസമയം ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,411 ആയി ഉയർന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. കുനാർ പ്രവിശ്യയില്‍ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ പ്രസ്താവന വ്യക്തമാക്കി. 5,000-ലധികം വീടുകള്‍ തകർന്നു. ചൊവ്വാഴ്ചയാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. അഫ്ഗാനിസ്ഥാനില്‍ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഭൂകമ്പമാണിത്. ഇത് മേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഈ ദുരന്തം അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദീർഘകാലം നീണ്ടു നിന്ന വൈദേശിക ഇടപെടലുകള്‍ക്കും ഭീകരവാദത്തിനും ശേഷം ഇപ്പോഴും സാമ്പത്തികമായി കാര്യമായി മുമ്പോട്ടു പോകാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തോട് സഹായാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ.





































