കിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 800 പേര്‍ മരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2800-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു.
നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ വര്‍ധിച്ചേക്കും. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നതിനാല്‍ ഭൂചലനം ബാധിച്ച ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുക ക്ലേശകരമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.45ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തെക്കുകിഴക്കന്‍ അഫ്ഗാനിസ്താനില്‍ 160 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്താനോട് അതിര്‍ത്തി പങ്കിടുന്ന കുന്നിന്‍മേഖല ഉള്‍പ്പെടുന്ന കുനാര്‍ പ്രവിശ്യയാണ് ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞത്. നുര്‍ഗുല്‍, സോകി, വാത്പുര്‍, മനോഗി, ചാപാ ദാരാ എന്നീ ജില്ലകളെ ഭൂചലനം പ്രതികൂലമായി ബാധിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താന്റെ വിവിധ ഭാഗങ്ങളിലും വടക്കേ ഇന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്താനില്‍ വീണ്ടും ഭൂചലനമുണ്ടായെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Home News International കിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു…. കണക്കുകള്‍ പ്രകാരം 800 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
































