പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം

Advertisement

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ്, പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്. ഡോണാള്‍ഡ് ട്രംപ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് കാരലിന്‍ ലീവിറ്റ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഭിമുഖത്തില്‍ പ്രതികരിക്കവെയാണ് ട്രംപ് കാരലിനെക്കുറിച്ച് വാചാലനായത്.

‘‘അവള്‍ ഒരു താരമായി മാറിയിരിക്കുകയാണ്. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അത് അനങ്ങുന്നരീതി. അതിന്റെ അനക്കം കാണുമ്പോള്‍ അവള്‍ ഒരു മെഷീന്‍ഗണ്‍ പോലെയാണ്. അവള്‍ ഒരു മികച്ച വ്യക്തിയാണ്. കരോലിനെക്കാള്‍ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണു ഞാന്‍ കരുതുന്നത്. അവള്‍ അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്’’– ട്രംപ് പറഞ്ഞു.

കാരലിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. ട്രംപിന്റെ ഭാഷാ പ്രയോഗങ്ങൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതും നാണം കെടുത്തുന്നതുമാണെന്ന് വിമർശനവുമുയർന്നു. ഒട്ടും പ്രഫഷനല്‍ അല്ലാതെയാണ് ട്രംപ് അഭിമുഖത്തില്‍ സംസാരിച്ചതെന്നും ചിലർ പ്രതികരിച്ചു.

Advertisement