ട്രംപ് താരിഫ്: കനത്ത ചാഞ്ചാട്ടം നേരിട്ട് വിപണി, നിക്ഷേപകര്‍ക്ക് നഷ്ടം 5 ലക്ഷം കോടി

Advertisement

ന്യൂ ഡെൽഹി :
ഇന്ത്യക്കുമേല്‍ ഉയർന്ന താരിഫും പിഴയും ചുമത്തിയതോടെ കനത്ത ചാഞ്ചാട്ടം നേരിട്ട് വിപണി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 604 പോയന്റ് താഴ്ന്നു.

നിഫ്റ്റിക്കാകട്ടെ 183 പോയന്റും നഷ്ടമായി. വൈകാതെ നഷ്ടം കുറച്ചെങ്കിലും വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 25 ശതമാനം താരിഫും പിഴയും ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 81,668ലും നിഫ്റ്റി 24,668ലുമെത്തി. ഇരു സൂചികകളിലും ശരാശരി 0.75 ശതമാനം ഇടിവാണ് തുടക്കത്തില്‍ ഉണ്ടായത്.

തകർച്ച നേരിട്ടതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5 ലക്ഷം കോടി ഇടിഞ്ഞ് 453.35 ലക്ഷം കോടിയിലെത്തി.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ ഒരു ശതമാനം നഷ്ടം നേരിട്ടു. ബാങ്ക്, മെറ്റല്‍, ഫാർമ, റിയല്‍റ്റി സുചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

മറ്റ് പ്രധാന വ്യാപാര പങ്കാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രംപിന്റെ 25 ശതമാനം താരിഫ് ഇന്ത്യയെ സാരമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന നയതന്ത്ര, വ്യപാര ചർച്ചകളെയും ഇത് തകിടംമറിച്ചേക്കാം.

യുഎസിലേയ്ക്കുള്ള പ്രധാന കയറ്റുമതികളായ ടെക്സ്റ്റൈല്‍സ്, ഫാർമ, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളെ താരിഫുകള്‍ പ്രാബല്യത്തിലായാല്‍ കൂടുതല്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

വ്യാപരത്തിലെ അസന്തുലിതാവസ്ഥയും ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണവും ചൂണ്ടിക്കാണിച്ച്‌ താരിഫിന് പുറമെ ഇന്ത്യക്കുമേല്‍ കൂടുതല്‍ പിഴ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

Advertisement