നിത്യനിദ്രയിൽ ‘ഉറങ്ങുന്ന രാജകുമാരൻ’: ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് പിതാവ്; സംസ്കാര ചടങ്ങുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും

1091
Advertisement

റിയാദ്: ‘സ്ലീപിങ് പ്രിൻസ്’ എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. 2005-ലുണ്ടായ വാഹനാപകടത്തെത്തുടർന്ന് 20 വർഷത്തോളമായി കോമയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൗദി റോയൽ കോർട്ട് സൗദി പ്രസ് ഏജൻസിയിലൂടെയാണ് അറിയിച്ചത്. ഇന്നലെ (19) ആണ് മരണവിവരം പുറത്തുവിട്ടതെങ്കിലും സംസ്കാര ചടങ്ങുകൾ ഇന്ന്(20) അസ‍ർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും.

അല്ലാഹുവിന്റെ വിധികളിൽ ഉറച്ച വിശ്വാസത്തോടെയും അഗാധമായ ദുഃഖത്തോടെയും നമ്മുടെ പ്രിയപുത്രൻ പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ വിയോഗത്തിൽ ഞങ്ങൾ വിലപിക്കുന്നുവെന്ന് രാജകുമാരന്റെ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ തന്റെ ദുഃഖം പങ്കുവച്ചു. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം നൽകട്ടെ, അദ്ദേഹം ഇന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് മടങ്ങി.

പ്രിൻസ് അൽവലീദിന്റെ സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസങ്ങളിൽ നടക്കും. പുരുഷന്മാർക്കുള്ള പ്രാർഥന ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസ്ര് നമസ്കാരത്തിന് ശേഷവും സ്ത്രീകൾക്കുള്ള പ്രാർഥന കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ദുഹ്ർ നമസ്കാരത്തിന് ശേഷവും നടക്കും. അനുശോചന ചടങ്ങുകൾ പുരുഷന്മാർക്കായി അൽ-ഫാഖിരിയയിലെ പ്രിൻസ് അൽ-വലീദ് ബിൻ തലാലിന്റെ കൊട്ടാരത്തിലും, സ്ത്രീകൾക്കായി മഗ് രിബ് നമസ്കാരത്തിന് ശേഷം അൽ ഫാഖിരിയ കൊട്ടാരത്തിലും പ്രിൻസ് തലാൽ ബിൻ അബ്ദുൽ അസീസ് കൊട്ടാരത്തിലും ഒരുക്കിയിട്ടുണ്ട്.

ഇസ്‌ലാമിലെ ഏറ്റവും പുണ്യദിനങ്ങളിൽ റമസാനിലെ അവസാന രാവുകൾ മുതൽ പെരുന്നാൾ ദിവസങ്ങൾ വരെ പ്രിൻസ് ഖാലിദ് ബിൻ തലാൽ തന്റെ മകനുവേണ്ടി പ്രാർഥിക്കുന്നത് ഒരിക്കലും നിർത്തിയിരുന്നില്ല. റമസാനിലെ 29-ാം രാവിൽ തഹജ്ജുദ് നമസ്കാരത്തിന്റെ നിശ്ശബ്ദതയിലായാലും പെരുന്നാളിലെ കുടുംബ സന്ദർശനങ്ങളിലായാലും ദുഃഖിതനായ ഈ പിതാവ് ഉറച്ച വിശ്വാസത്തോടെ തന്റെ പ്രിയപുത്രന് സുഖം പ്രാപിക്കാൻ വേണ്ടി ആത്മാർഥമായി പ്രാർഥിച്ചിരുന്നു. ഈ വർഷം ജൂണിൽ പെരുന്നാളിന്റെ മൂന്നാം ദിവസം പ്രിൻസ് ഖാലിദ് ബിൻ തലാൽ തന്റെ മറ്റ് രണ്ട് മക്കൾക്കൊപ്പം പ്രിൻസ് അൽവലീദിനെ സന്ദർശിച്ചിരുന്നു. ആ നിമിഷത്തിൽ വികാരഭരിതനായ പ്രിൻസ് ഖാലിദ്, തന്റെ മകൻ്റെ ആരോഗ്യത്തിനായി പ്രാർഥിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരുന്നു.

Advertisement