രഹസ്യകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിന്ന് ഇറാൻ പ്രസിഡന്‍റ് രക്ഷപ്പെട്ടത് തലനാരിഴക്ക്, പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്

278
Advertisement

ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന് ഇസ്രയേൽ ആക്രമണത്തിനിടെ പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണിൽ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനിടെ തലനാരിഴക്കാണ് മസൂദ് പെസഷ്കിയാൻ രക്ഷപ്പെട്ടതെന്നാണ് ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായി (ഐആര്‍ജിസി) അടുത്ത ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയാണ് ഫാര്‍സ്. ഫാര്‍സ് വാര്‍ത്താഏജന്‍സിയെ ഉത്തരിച്ച് ബിബിസിയും മറ്റു ലോക മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജൂണ്‍ 16ന് ടെഹ്റാനിലെ രഹസ്യ ബങ്കര്‍ തകര്‍ക്കാൻ ലക്ഷ്യമിട്ട് ഇറാൻ ആറിലധികം ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെയായിരുന്നു ബങ്കര്‍ തകര്‍ക്കാനുള്ള ആക്രമണം നടന്നത്. ഇതിനിടെ ടെഹ്റാനിലെ രഹസ്യ ബങ്കറിൽ ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷ കൗണ്‍സിലിന്‍റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മസൂദ് പെസഷ്കിയാൻ. രഹസ്യ യോഗം നടന്ന കേന്ദ്രത്തിലും ബോംബ് പതിച്ചു.

ഇതോടെ എമര്‍ജെന്‍സി തുരങ്കത്തിലൂടെ പ്രസിഡന്‍റ് മസൂദും മറ്റുള്ളവരും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് പെസഷ്കിയാന്‍റെ കാലിന് പരിക്കേറ്റത്. ആക്രമണത്തോടെ ബങ്കറിലെ വെന്‍റിലേഷൻ സംവിധാനവും വൈദ്യുതിയും നിലച്ചിരുന്നു. ഇറാൻ ഭരണകൂടത്തിലെ പ്രധാന നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണമെന്നാണ് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ഉന്നത നേതാക്കള്‍ ഉപയോഗിക്കുന്ന ടെഹ്റാനിലെ അതീവ പ്രധാന്യമുള്ള രഹസ്യ സങ്കേതമാണ് ആക്രമിക്കപ്പെട്ടതാണ് റിപ്പോര്‍ട്ട്.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ നാലാം ദിവസമാണ് സംഭവം നടക്കുന്നത്. ബങ്കറിലേക്കുള്ള നാലു വഴികളും ഇസ്രയേൽ ആക്രമണത്തിൽ തകര്‍ത്തുവെന്നും വൈദ്യുതാഘാതവും വഴിയും അടഞ്ഞതോടെ അകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടാൻ ബുദ്ധിമുട്ടിയെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ, ചെറിയ പരിക്കേറ്റെങ്കിലും പ്രസിഡന്‍റ് പെസഷ്കിയാൻ എമര്‍ജെന്‍സി ടണൽ വഴി രക്ഷപ്പെട്ടുവെന്നും പറയുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പെസഷ്കിയാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇറാനിൽ ഭരണമാറ്റം എന്നത് ഇസ്രയേലിന്‍റെ ആക്രമണ ലക്ഷ്യമല്ലെന്ന് പറഞ്ഞ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇക്കാര്യം നിഷേധിച്ചിരുന്നു.

Advertisement