വിമാനത്തിന്റെ ചിറകിൽ തീ കണ്ടതായി സംശയം, ചിറകിലൂടെ പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

Advertisement

പാൽമ ഡി മല്ലോർക്ക: ടേക്ക് ഓഫിന് റൺവേയിലെത്തിയതിന് പിന്നാലെ വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടതായി സംശയം. പിന്നാലെ വലത് ചിറകിലൂടെ അടക്കം അടിയന്തരമായി യാത്രക്കാരെ നിലത്തിറക്കി ക്രൂ. നാടകീയമായ രക്ഷപ്പെടലിനിടെ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ദേ മല്ലോർക്ക വിമാനത്താവളത്തിൽ ടേക്ക് ഓഫിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. 18 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.

പുലർച്ചെ 12.35ടെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടതായി വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഭയചകിതരായ ആളുകൾ സാധാരണ രീതിയിലുള്ള ഇവാക്യുവേഷൻ നടപടിയെ മറികടന്ന് ചിറകിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള ആശങ്കയുടെ അന്തരീക്ഷമാണ് ഉണ്ടായത്. വിമാനത്തിന്റെ ചിറകിൽ കയറി നിന്ന ചില‍ അവിടെ നിന്ന് നിലത്തേക്ക് ചാടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതും പരിക്കേൽക്കാൻ കാരണമായി. വിമാനത്താവളത്തിലെ പൊലീസും അഗ്നിരക്ഷാ സേനയും അടക്കമുള്ളവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ സർവ്വീസ് റദ്ദാക്കി. എന്നാൽ ഉണ്ടായത് തെറ്റായ മുന്നറിയിപ്പാണെന്നാണ് റയാൻ എയർ വിശദമാക്കുന്നത്. പാൽമയിൽ നിന്ന് മാഞ്ചെസ്റ്ററിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാടകീയ സംഭവങ്ങളേ തുടർന്ന് റദ്ദാക്കിയത്. പൊള്ളലേറ്റ പരിക്കുകൾ ആ‍ർക്കും സംഭവിച്ചിട്ടില്ല. വീഴ്ചയിലുള്ള പരിക്കാണ് യാത്രക്കാരിൽ പലർക്കും സംഭവിച്ചിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രാലയം വിശദമാക്കി. യാത്രക്കാർക്ക് ഇന്ന് രാവിലെയാണ് റയാൻ എയ‍ർ യാത്രക്കാർക്ക് മറ്റൊരു വിമാനം തയ്യാറാക്കി നൽകിയത്.

Advertisement