നിങ്ങൾ പറയുന്ന കശ്മീരിലെ ഭീകരവാദം ഞങ്ങൾക്ക് നിയമപരമായ പോരാട്ടമാണ്’; പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി

463
Advertisement

ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ജമ്മു കശ്മീരിൽ ഭീകരവാദമായി മുദ്രകുത്തുന്നത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണെന്ന് അസിം മുനീർ പറഞ്ഞു. പോരാട്ടത്തിൽ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാൻ നിൽക്കുമെന്നും അസിം മുനിർ പറഞ്ഞു.

കറാച്ചിയിലെ പാകിസ്ഥാൻ നാവിക സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു അസിം മുനീറിൻറെ വിവാദ പ്രസ്താവന. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും അസിം മുനീർ പറഞ്ഞു.

“അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിച്ചിരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമർത്താനും പരിഹാരത്തിന് പകരം സംഘർഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവർ ഈ പോരാട്ടത്തെ കൂടുതൽ പ്രസക്തമാക്കുകയാണ്”- അസിം മുനീർ അവകാശപ്പെട്ടു.

കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരവും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ പ്രകാരവും കശ്മീർ വിഷയത്തിൽ ഒരൊറ്റ പ്രമേയം കൊണ്ടുവരണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നതെന്നും അസിം മുനീർ പറഞ്ഞു. കശ്മീർ പാകിസ്ഥാൻറെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീർ വിശേഷിപ്പിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും എന്നും എല്ലായിപ്പോഴും രാജ്യത്തിൻറെ അവിഭാജ്യമായി തുടരുമെന്ന് ഇന്ത്യ പലപ്പോഴായി പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനുശേഷം പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു.

ഇന്ത്യയുടെ ആക്രമണത്തിനിടെ അസിം മുനീർ ബങ്കറുകളിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം അവസാനിപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞശേഷമാണിപ്പോൾ വീണ്ടും പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി രംഗത്തെത്തിയത്.

Advertisement