ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

233
Advertisement

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സംഘമാണ് നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്‌സിയം സ്‌പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്നായിരുന്നു വിക്ഷേപണം.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.

23 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 280 യാത്രികരാണ് ബഹിരാകാശ നിലയം സന്ദര്‍ശിച്ചത്. ഇന്ത്യന്‍ വംശജരായ സഞ്ചാരികള്‍ ഇതിന് മുമ്പ് നിലയത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പതാക സ്‌പേസ് സ്യൂട്ടില്‍ ധരിച്ച് ഐഎസ്ആർഒയുടെ ഒരു സഞ്ചാരി അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത് ആദ്യമായാണ്.

ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.

മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറായ ശുഭാംശു ശുക്ലയ്ക്ക് ആവശ്യമായ അനുഭവ പരിചയം ഇതുവഴി ലഭിക്കും

Advertisement