ഇറാന്‍ പരമോന്നത നേതാവിനെ കാണാനില്ല, ആയത്തുല്ല അലി ഖാംനഈ എവിടെയാണ്?

Advertisement

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ്? ഇസ്രായേല്‍ -ഇറാന്‍ യുദ്ധം വെടിനിര്‍ത്തലില്‍ എത്തിയിട്ടും പരമോന്നത നേതാവിനെ ഒരാഴ്ചയിലേറെയായി പുറത്തുകണ്ടിട്ടില്ല. ഇറാനിലെ ഏതു വിഷയത്തിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിനാണ്. സൈന്യത്തിന്റെ പരമോന്നത മേധാവിയും അദ്ദേഹമാണ്. എന്നിട്ടും രാജ്യം അസാധാരണമായ പ്രതിസന്ധികളെ അഭിമുഖീകരിച്ച സമയത്തും അദ്ദേഹത്തെ പുറത്തുകണ്ടിരുന്നില്ല. ഖാംനഈയുടെ തിരോധാനം ഇപ്പോള്‍ ഇറാനിലും പുറത്തുമ വലിയ ചര്‍ച്ചയാവുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തിന്റെ മധ്യ ഘട്ടത്തിലാണ് അദ്ദേഹത്തെ അവസാനമായി പുറത്തുകണ്ടത്. അതിനുശേഷം ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി, ഖത്തറിലെ യുഎസ് സൈനിക താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇത്രയൊക്കെ നടന്നിട്ടും ഒരാഴ്ചയായി ഇദ്ദേഹത്തെ ആരും കണ്ടിട്ടേയില്ല.

യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഖാംനഈ വാര്‍ത്തയായിരുന്നു. ഖാംനഈയെ വധിക്കരുതെന്ന് ഇസ്രായേലിനോട് താന്‍ ആവശ്യപ്പെട്ടതായി യു എസ് പ്രസിഡന്റ് ട്രംപാണ് പറഞ്ഞത്. തൊട്ടുപിന്നാലെ ഖാംനഈ എളുപ്പത്തില്‍ വധിക്കാനാവുന്ന ടാര്‍ഗറ്റാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതിനു ശേഷം ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിലും ഖാം നഈയെ വധിക്കുമെന്ന കാര്യം ചര്‍ച്ചയായി. ഇതൊക്കെ നടക്കുന്നതിനിടയിലാണ് ഇറാന്‍ പരമോന്നത നേതാവ് പൊതുവിടത്തില്‍നിന്നും അ്രപത്യക്ഷമായത്.

ഇറാനിലാണ് ഇതാദ്യം ചര്‍ച്ചാ വിഷയമായത്. പിന്നീട് ലോകമാകെ ഈ വിഷയം ചര്‍ച്ചയായി. ഇക്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ടിവി ചാനലില്‍, പ്രൈം ടൈം പരിപാിടയില്‍ അവതാരകന്‍ ഈ വിഷയം എടുത്തിട്ടു. ചര്‍ച്ചയ്ക്കിടയില്‍, ഖാംനഈയുടെ ആര്‍ക്കൈവ്‌സ് ഓഫീസിന്റെ തലവനായ മെഹ്ദി ഫസേലിയോടാണ് അവതാരകന്‍ ഇക്കാര്യം ആരാഞ്ഞത്. ”പരമോന്നത നേതാവിന്റെ കാര്യത്തില്‍ ആളുകള്‍ ആശങ്കാകുലരാണ്, അദ്ദേഹം എങ്ങനെയുണ്ടെന്ന് ഞങ്ങളോട് പറയാമോ?”-ഇതായിരുന്നു ചോദ്യം. ആയിരക്കണക്കിന് പ്രേക്ഷകര്‍ ഇക്കാര്യം ചോദിച്ച് തങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനു മറുപടി പറഞ്ഞ ഖാംനഈയുടെ ഓഫീസിലെ പ്രമുഖന്‍ എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചില്ല. പകരം, ഇസ്രയേലും അമേരിക്കയും നടത്തിയ ബോംബാക്രമണങ്ങള്‍ക്കു ശേഷം ഖാം നഈയെക്കുറിച്ച് ഉദ്യോഗസ്ഥടക്കം നിരവധി പേര്‍ തന്നോടും ആന്വേഷണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തിനായി നമ്മളെല്ലാവരും പ്രാര്‍ത്ഥിക്കണം’-മെഹ്ദി ഫസേലി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പരമോന്നത നേതാവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ആളുകള്‍ അവരുടെ ജോലി നന്നായി ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവം അനുവദിച്ചാല്‍, നമ്മുടെ ആളുകള്‍ക്ക് പ്രിയനേതാവിനൊപ്പം വിജയാഘോഷം നടത്താനാവുമെന്നും മെഹ്ദി ഫസേലി പറഞ്ഞു.

ഖാംനഈ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കിടയില്‍ ബങ്കറിലേക്ക് പോയതാണെന്നാണ് നിലവില്‍ കേള്‍ക്കുന്ന വിശദീകരണം. അദ്ദേഹം ബങ്കറില്‍ തുടരുകയാണ്. തനിക്കെതിരായ വധശ്രമങ്ങള്‍ തടയാന്‍ ഇലകേ്‌ട്രോണിക്‌സ് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ ആശയവിനിമയങ്ങളില്‍നിന്നും ഖാംനഈ വിട്ടുനില്‍ക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്.

എന്നാല്‍, ഇതിനുശേഷം വെടിനിര്‍ത്തല്‍ അടക്കമുള്ള പരമപ്രധാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഖാംനഈ പൊതു പ്രസ്താവനകള്‍ നടത്തുകയോ റെക്കോര്‍ഡു ചെയ്ത സന്ദേശങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, റിയല്‍ എസ്റ്റേറ്റ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിനപത്രമായ ഖാനെമാന്‍ (Khaneman) എഡിറ്റര്‍ മുഹ്‌സിന്‍ ഖലീഫ ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യവും ചര്‍ച്ചയാവുന്നുണ്ട്. ഖാംനഈയുടെ അസാന്നിധ്യം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ ആശങ്കയിലാക്കുന്നതായി മുഹ്‌സിന്‍ ഖലീഫ പറഞ്ഞു. ഇതോടൊപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു വാചകവും വലിയ ചര്‍ച്ചയായി. രണ്ടാഴ്ച മുമ്പ് ചിന്തിക്കാന്‍ ആവാതിരുന്ന ഒരു സാധ്യതയാണ് അദ്ദേഹം പറഞ്ഞത്. ”ഖാംനഈ മരിച്ചാല്‍, അദ്ദേഹത്തിന്റെ അവസാന ചടങ്ങുകള്‍ ഗംഭീരവും ചരിത്രപ്രധാനവുമായിരിക്കും’ എന്നാണ് മുഹ്‌സിന്‍ ഖലീഫ പറഞ്ഞത്.

അതിനിടെ, ഈ വിഷയത്തില്‍ മറ്റൊരു വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കോര്‍പ്സ് കമാന്‍ഡറും ഖാംനഈയുടെ സൈനിക ഉപദേഷ്ടാവുമായ ജനറല്‍ യഹ്‌യ സഫാവിയുടെ മകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹംസ സഫാവിയാണ് ഈ വിശദീകരണം നടത്തിയത്. ”വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെങ്കിലും ഈ സമയത്തു പോലും ഇസ്രായേല്‍ ഖാംനഈയെ വധിക്കാന്‍ ശ്രമിക്കുമെന്നാണ് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. അതിനാല്‍, പുറം ലോകവുമായുള്ള ബന്ധം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതടക്കമുള്ള കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോള്‍ ഖാംനഈ ഉള്ളത്.” പ്രധാന കാര്യങ്ങളില്‍ ഇടപെടാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനെ പോലുള്ള മറ്റ് നേതാക്കളെ അധികാരപ്പെടുത്തിയിട്ടതായും സഫാവി പറഞ്ഞു.

ഖാംനഈയുടെ തിരോധാനം എന്തായാലും വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായിട്ടുള്ളത്. ഇറാന്‍ എഭരണകൂടം എടുക്കുന്ന പുതിയ തീരുമാനങ്ങളില്‍ ഖാംനഈ എത്രത്തോളം ഇടപെട്ടിട്ടുണ്ടെന്ന ചോദ്യമാണ് ഒരു വശത്തുയരുന്നത്. ഖാംനഈ ഇപ്പോഴും രാജ്യത്തിന്റെ ദൈനംദിന മേല്‍നോട്ടം വഹിക്കുന്നുണ്ടോ, അദ്ദേഹത്തിന് പരിക്കേറ്റോ, അദ്ദേഹം രോഗിയായോ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇതോടൊപ്പം ഉയരുന്നത്. ഖാംനഈ പറയാതെ ഇറാന്റെ യുദ്ധവിജയം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്.

Advertisement