ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ വെടിയുതിർത്ത് ഇസ്രയേൽ സൈനികർ, 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

180
Advertisement

ഗാസ: ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ ഗാസയിൽ 40 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത്തരം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 20 മാസം നീണ്ട ഗാസയിലെ യുദ്ധത്തിനും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലസ്തീനിലെ സാധാരണക്കാരുള്ളത്.

ചൊവ്വാഴ്ചയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം ചൊവ്വാഴ്ചയും വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗാസയുടെ തെക്കൻ നഗരമായ റാഫയിൽ ഇസ്രയേൽ സൈനികരുടെ കനത്ത സുരക്ഷയിൽ നടക്കുന്ന സഹായ വിതരണ മേഖലയിലാണ് വെടിവയ്പുണ്ടായത്. കഴി‌‌ഞ്ഞ മാസമാണ് അമേരിക്കയുടെ സഹായത്തോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ യുദ്ധം തകർത്ത ഗാസയിൽ സഹായ വിതരണം ആരംഭിച്ചത്.

ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം പലസ്തീനികൾക്ക് നേരെ വെടിയുതിർക്കാനുള്ള കൃത്യമായ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണക്കാർ ഒരുമിച്ച് കൂടുന്ന ഇടങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ച് വിടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അൽ ആലമിലും അൽ ഷൗക്കത്തിലും ഇത്തരം സംഭവങ്ങൾ നടന്നതായാണ് ദി ഗാർഡിയൻ റിപ്പോർട്ട്.

തിങ്കളാഴ്ച രാത്രിയിൽ 146 പരിക്കേറ്റ സാധാരണക്കാരെയും 18 മൃതദേഹങ്ങളും ആശുപത്രിയിൽ എത്തിച്ചതായാണ് ജബലിയയിലെ അൽ അദ്വ ആശുപത്രിയുടെ ഡയറക്ടറായ ഡോ. മ‍ർവാൻ അബു നാസർ വിശദമാക്കുന്നത്. ചൊവ്വാഴ്ചയും സമാനമായ സംഭവം ഉണ്ടായെന്നും ഡോ. മ‍ർവാൻ അബു നാസർ വിശദമാക്കുന്നു. വെടിയേറ്റുള്ള പരിക്കുകളാണ് ചികിത്സ തേടിയെത്തിവർക്കുള്ളത്. പരിക്കേറ്റവരിൽ നൂറോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നും ഡോ. മ‍ർവാൻ അബു നാസർ വിശദമാക്കി. എന്നാൽ സൈനിക പോസ്റ്റുകൾക്ക് സമീപത്തായി രാത്രി കാലത്ത് അനിയന്ത്രിതമായി ഒരുമിച്ച് കൂടിയവർക്ക് നേരെയാണ് വെടിയുതിർത്തതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്.

Advertisement