സജീവ അഗ്നിപർവ്വതം കാണാനുള്ള യാത്രയിൽ അപകടം, അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ് 26കാരി, രക്ഷാപ്രവ‍ർത്തനം തുടരുന്നു

979
Advertisement

ലോംബോക്ക്: സജീവ അഗ്നിപർവ്വതിലേക്കുള്ള ട്രെക്കിംഗിനിടെ അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ 26കാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലാണ് സംഭവം. ദ്വീപിലെ സജീവ അഗ്നിപർവ്വതമായ റിൻജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗിനിടെയാണ് ബ്രസീൽ സ്വദേശിയായ 26കാരി അഗ്നിപർവ്വത മേഖലയിൽ വീണത്. അഗ്നിപർവ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിൻസ് എന്ന 26കാരി വീണത്. ശനിയാഴ്ച പുലർച്ചെ 6.30ഓടെയാണ് യുവതി അഗ്നിപ‍ർവ്വത മുഖത്തേക്ക് വീണത്.

കനത്ത മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥകളും നിമിത്തം തെരച്ചിൽ സാവധാനത്തിലാണ് പുരോഗമിക്കുന്നത്. സഹായത്തിന് വേണ്ടി നിലവിളിക്കുന്ന യുവതിയുടെ ഡ്രോൺ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വീഴ്ചയിൽ പരിക്കേറ്റെങ്കിലും ജീവന് ആപത്ത് സംഭവിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഒപ്പമുണ്ടായിരുന്ന സംഘം ശനിയാഴ്ച ഡ്രോൺ സഹായത്തോടെ എടുത്ത ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ള്. ചാരനിറത്തിലുള്ള മണ്ണിൽ അനങ്ങാനാവാതെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗ് പാതയിൽ നിന്ന് വളരെയധികം താഴ്ചയിലാണ് യുവതി നിലവിലുള്ളത്. രക്ഷാപ്രവർത്തകർ 984 അടി താഴ്ചയിൽ വരെ എത്തി നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്താനായിട്ടില്ല. എന്നാൽ യുവതിയുടെ നിലവിളി രക്ഷാപ്രവർത്തകർക്ക് കേൾക്കാൻ സാധിച്ചിട്ടുണ്ട്.

എന്നാൽ ഞായറാഴ്ച കനത്ത പുക മൂടിയ അന്തരീക്ഷത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം കണ്ടെത്തിയ മേഖലയിൽ യുവതിയെ കണ്ടെത്താനായില്ലെന്നാണ് രക്ഷാപ്രവ‍ർത്തകർ വിശദമാക്കുന്നത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള കനത്ത ചൂട് ഡ്രോൺ പ്രവർത്തനത്തേയും ഞായറാഴ്ച ബാധിച്ചിരുന്നു. തിങ്കളാഴ്ച പുല‍ർച്ചെ ആരംഭിച്ച തെരച്ചിലിൽ യുവതിയെ വീണ്ടും കണ്ടെത്താൻ സംഘത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ താഴ്ചയിലേക്ക് വീണ നിലയിലാണ് 26കാരിയുള്ളത്. 250 മീറ്റർ താഴ്ചയിൽ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടുള്ളത്. ഇനിയും 350 മീറ്ററോളം താഴ്ചയിലേക്ക് എത്താനായാല് യുവതിയുടെ സമീപത്തേക്ക് എത്താനാവൂയെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്.

അതേസമയം അപകടത്തിന് ശേഷവും മേഖലയിൽ വിനോദസഞ്ചാരികളെ അനുവദിക്കുന്നതിൽ മൗണ്ട് റിൻജാനി പാർക്ക് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മൗണ്ട് റിൻജാനി പാർക്ക് സന്ദ‍ർശിക്കാനെത്തിയ യുവതിക്ക് അപകടം സംഭവിച്ച് ഇനിയും രക്ഷിക്കാനാവാത്ത സാഹചര്യത്തിലും വിനോദ സഞ്ചാരം അനുവദിക്കുന്നതിലാണ് വിമ‍ർശനം ഉയരുന്നത്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപർവ്വതത്തിനുള്ളിലാണ് യുവതി കുടുങ്ങിയിട്ടുള്ളത്.

Advertisement