നാളെയാണ് ആ സുദിനം, കാത്തിരിപ്പ് അവസാനിക്കുന്നു, ശുഭാംശു ശുക്ല നാളെ ബഹിരാകാശത്തേയ്ക്ക്

117
Advertisement

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു. ജൂണ്‍ 22 ഞായറാഴ്ചയായിരുന്നു അവസാനം വിക്ഷേപിക്കാനിരുന്നത്. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്തേയ്ക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ആക്‌സിം- 4 ദൗത്യം ബുധനാഴ്ച ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകം വഴി പറന്നുയരും.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.01നാണ് നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയം മിഷന്‍ -4 വിക്ഷേപണമെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി. ഓര്‍ബിറ്റല്‍ ലബോറട്ടറിയിലെ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് മിക്ക ഭാഗങ്ങളിലുമായി നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് തുടരാന്‍ ബഹിരാകാശ ഏജന്‍സിക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജൂണ്‍ 22ലെ വിക്ഷേപണം നീട്ടിവെക്കുകയാണെന്ന് നാസ മുമ്പ് പ്രഖ്യാപിച്ചിരുന്നു.

നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങള്‍. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം. അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് ഇതോടെ വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകുക. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു.

Advertisement