വാഷിംഗ്ടണ്‍: ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡൊണാൾഡ് ട്രംപ് അനുമതി നൽകിയത് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ബോംബ് വർഷിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇറാനെ ആക്രമിക്കാനുള്ള അന്തിമ തീരുമാനം യുഎസ് പ്രസിഡന്‍റ് എടുത്തുവെന്ന് വാൻസിന്‍റെ വെളിപ്പെടുത്തൽ. അവസാന നിമിഷം വരെ ദൗത്യം റദ്ദാക്കാൻ ട്രംപിന് കഴിയുമായിരുന്നുവെന്നും എന്നാൽ അദ്ദേഹം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചുവെന്നും വാൻസ് പറഞ്ഞു.
ദിവസങ്ങളോളം നീണ്ട തീവ്രമായ ആലോചനകൾക്ക് ശേഷമാണ് പ്രസിഡന്‍റിന്‍റെ ഈ തീരുമാനം വന്നത്. ആഭ്യന്തരവും ബാഹ്യവുമായ സമ്മർദ്ദങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു. ഇസ്രയേലിന്‍റെ സൈനിക നീക്കത്തിൽ യുഎസ് ഇടപെടുന്നതിലേക്ക് ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ, രണ്ടാഴ്ചത്തെ ആലോചനാ കാലാവധി പ്രഖ്യാപിക്കാൻ ട്രംപ് നേരത്തെ തന്‍റെ പ്രസ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് അന്തിമ അനുമതി ലഭിച്ചത്.
ഇതൊരു വളരെ നിർണായകമായ നിമിഷമാണെന്നും വൈറ്റ് ഹൗസ് ഇറാന്‍റെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാൻസ് വ്യക്തമാക്കി. യുഎസ് സേനയ്‌ക്കെതിരെ തിരിച്ചടിക്കുമോ അതോ ആണവ അഭിലാഷങ്ങളുമായി മുന്നോട്ട് പോകുമോ എന്നതടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം ഇപ്പോഴും വ്യക്തമല്ല, ഇറാന്‍റെ ഉദ്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട സൈനിക നടപടികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളെയും വാൻസ് തള്ളിക്കളഞ്ഞു. നീണ്ടുനിൽക്കുന്ന സൈനിക സംഘർഷങ്ങളെക്കുറിച്ച് മറ്റാരെക്കാളും ആശങ്കാകുലനാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത് വന്നിരുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു.