ഇറാനിലെ അമേരിക്കൻ ആക്രമണത്തിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. അമേരിക്കൻ നടപടിയെ ഐക്യരാഷ്ട്ര സംഘടന ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ അടിയന്തര യോഗം നാളെ ചേരും
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്കയോടെ ലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷസ്കി യാനുമായി സംസാരിച്ചു. പുതിയ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ നരേന്ദ്ര മോദി പ്രശ്ന പരിഹാരത്തിന് ചർച്ചയാണ് മാർഗമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശിപാർശ ചെയ്ത പാകിസ്ഥാൻ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്ന് നൽകിയിരുന്നു. അമേരിക്കൻ ആക്രമണത്തെ അപലപിച്ച പാകിസ്താൻ പ്രതിരോധത്തിന് ഇറാന് അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു.റഷ്യ, ചൈന ,തുർക്കി , സൗദി അറേബ്യ, ഒമാൻ, ഇറാഖ്, ക്യൂബ ,വെനിസ്വേല, ചിലെ എന്നീ രാജ്യങ്ങളും യുഎസ് ആക്രമണത്തിനെതിരെ രംഗത്തു വന്നു. ഇറാൻ്റെ ആണവ പരിപാടികൾ ലോകത്തിന് ഭീഷണിയാണെന്നും ഇതില്ലാതാക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തിയതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞു. ഓസ്ട്രേലിയയും ജർമനിയും അമേരിക്കൻ ആക്രമണത്തെ ന്യായീകരിച്ചു. സമാധാനം കാത്തു സൂക്ഷിക്കാൻ ഖത്തറും ജപ്പാനും ഇറ്റലിയും ന്യൂസിലാൻഡും ആഹ്വാനം ചെയ്തു.പ്രശ്നം ചർച്ച ചെയ്യാൻ രാജ്യാന്തര ആണവോർജ ഏജൻസി നാളെ അടിയന്തര യോഗം ചേരും. യൂറോപ്യൻ യൂണിയനും നാളെ യോഗം ചേരുന്നുണ്ട്.