വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാൻ ഇനി യുഎസ് പ്രസിഡന്റിന്റെ നിർദേശങ്ങള്‍ അനുസരിക്കണമെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് യുഎസിനെ തടയാനായില്ലെന്നും ഈ ദിനം ലോകം യുഎസിന്റെ ശക്തി വീണ്ടും മനസിലാക്കിയെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങള്‍ പൂർണമായും തകർക്കാൻ ഓപ്പറേഷന് സാധിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. 3,000 പൗണ്ട് ഭാരമുള്ള ബോംബുകളും 75 പ്രിസിഷൻ ഗൈഡഡ് മിസൈലുകളും ആക്രമണത്തില്‍ ഉപയോഗിച്ചു. ജനങ്ങളോ ഇറാന്റെ സൈന്യമോ ലക്ഷ്യമായിരുന്നില്ലെന്നും ഇത് ഏറ്റവും സങ്കീർണമായ ഒരു സൈനിക ഓപ്പറേഷനായിരുന്നുവെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു.
എന്നാൽ അമേരിക്ക രാജ്യാന്തര നിയമം ലംഘിച്ച് നടത്തിയ ഇടപെടലിൽ ശക്തമായ പ്രതിഷേധവുമായി ഇറാൻ പാർലമെൻ്റ്. ഗൾഫ് രാജ്യങ്ങളെ ലോക വിപണിയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ജലപാതയായ ഹോർ മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെൻ്റ് അനുവാദം നൽകി.ഇതോടെ അന്താരാഷ്ട്ര നിലവാരത്തിൽ ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ചരക്ക് നീക്കം നിലയ്ക്കും.അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലവർദ്ധനവിന് ഇറാൻ്റെ തീരുമാനം കാരണമാകും.
‘മിഡ്നൈറ്റ് ഹാമർ ‘എന്ന പേരിട്ട ഓപ്പറേഷൻ അമേരിക്ക ഇന്നലെ രാത്രി പ്രാദേശിക സമയം 2.10നാണ് നടത്തിയത്.(ഇന്ത്യൻ സമയം പുലർച്ചെ 4.30) സമധാനത്തിൻ്റെ വഴിയിലേക്ക് ഇറാൻ വന്നില്ലെങ്കിൽ വീണ്ടും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്ക വ്യക്തമാക്കി.
.