ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്…നന്ദി അറിയിച്ച് നെതന്യാഹു

Advertisement

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ശക്തിയിലൂടെ മാത്രമെ സമാധാനം സൃഷടിക്കാൻ കഴിയൂ. അമേരിക്കയും പ്രസിഡന്റ് ട്രംപും വളരെ ശക്തിയോടെ തന്നെ പ്രവർത്തിച്ചുവെന്ന കുറിപ്പോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷൻ റൈസിംഗ് ലയണിലൂടെ ഇസ്രയേലും അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്തത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ നടപടി സമാനതകളില്ലാത്തതാണ്. ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അമേരിക്ക ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയാണ് അമേരിക്ക എതിർത്തിരിക്കുന്നത്. അവരുടെ അപകടകരമായ ആയുധങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. മിഡിൽ ഈസ്റ്റിനെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

Advertisement