അമേരിക്ക: പാകിസ്താന്റെ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച് ഉച്ചഭക്ഷണം കൊടുക്കുകയും ദീർഘനേരം ചർച്ച നടത്തുകയും ചെയ്ത അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ദക്ഷിണേഷ്യയെ ആകെ ഞെട്ടിച്ചു.
ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാകിസ്താൻ സൈന്യത്തലവനെ അമേരിക്കൻ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നത്. പണ്ട് അയൂബ് ഖാനും സിയാ ഉള്‍ ഹഖും പെർവേസ് മുഷാറഫുമൊക്കെ സമാനമായി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്, അവരൊക്കെ പാകിസ്താൻ പ്രസിഡന്റുമാരായിരുന്നു അപ്പോള്‍.രണ്ടു മണിക്കൂറോളം നീണ്ട ദീർഘമായ ചർച്ചയില്‍ വിദേശസെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു.
ഈ വിരുന്ന് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. അമേരിക്കയില്‍ പഠിക്കാൻ വരുന്ന വിദേശവിദ്യാർത്ഥികളുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പോലും പരിശോധിക്കാനൊരുങ്ങുന്ന അമേരിക്ക, പഹല്‍ഗാമില്‍ 26 നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മുനീറിനെ സല്‍ക്കരിച്ചത് അപമാനകരമായി കാണുന്നവരുണ്ട്. വിശ്വാസവഞ്ചന നടത്തിയ അമേരിക്കയുമായി വ്യാപാരക്കരാർ വേണ്ടെന്നു വെക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊള്ളണം എന്നു ശക്തിയായി വാദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ നടക്കുന്നത് ശീതയുദ്ധകാലത്ത് ദക്ഷിണേഷ്യയിലെ മേധാവിത്വം നിലനിർത്താൻ ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിർത്തുന്ന രീതിയാണെന്ന് ബ്രഹ്മ ചെല്ലാനിയെപ്പോലുള്ള വിദേശകാര്യ വിദഗ്ധർ ആരോപിക്കുന്നു.
ജൂണ്‍ 17-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു. കനഡയില്‍ നടന്ന വികസിതരാജ്യങ്ങളുടെ സമ്മേളനത്തില്‍ നിന്ന് (ജി-7) നേരത്തെ ഇറങ്ങിപ്പോയ ട്രംപ് മോദിയെ വൈറ്റഹൗസിലേക്കു ക്ഷണിച്ചിരുന്നു. പക്ഷേ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നു പറഞ്ഞ് മോദി ക്ഷണം നിരസിച്ചു, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് യോഗത്തിലേക്ക് ട്രംപിനെ അദ്ദേഹം ക്ഷണിച്ചു. ഫോണ്‍ സംഭാഷണത്തില്‍ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് പാകിസ്താൻ കെഞ്ചിയതിനെ തുടർന്നാണെന്നു മോദി വ്യക്തമാക്കി. മാത്രമല്ല, അതിന്റെ വിശദാംശങ്ങള്‍ വൈകാതെ വിദേശമന്ത്രാലയ വക്താവിനെക്കൊണ്ട് വെളിപ്പെടുത്തുകയും ചെയ്തു. എന്തായാലും ഒടുവില്‍ വെടിനിർത്തലിന്റെ ക്രെഡിറ്റ് ഉപേക്ഷിക്കുകയാണ് ട്രംപ് എന്നു തോന്നുന്നു. അതിസമർത്ഥരായ രണ്ടു നേതാക്കള്‍ (മോദിയും മുനീറും) യുദ്ധം ഒഴിവാക്കാൻ തീരുമാനിച്ചതാണ് എന്നാണ് ഒടുവിലത്തെ ട്രംപ് ഭാഷ്യം.