നിവൃത്തിയില്ലായിരുന്നെന്ന് പാകിസ്ഥാൻ — ‘വെടിനിറുത്തലിന് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു’

752
Advertisement

ഇസ്ലാമാബാദ്: നിവൃത്തിയില്ലാതെ വന്നു. ആക്രമണം നിറുത്താൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് വെടിനിറുത്തല്‍ സാദ്ധ്യമായതെന്ന് തുറന്നുസമ്മതിച്ച്‌ പാകിസ്ഥാൻ.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ റാവല്‍പിണ്ടിയിലെ നൂർ ഖാൻ എയർബേസും ഷോർകോട്ട് എയർബേസും ആക്രമിക്കപ്പെട്ടു. മറ്റ് വഴിയില്ലാതെ വെടിനിറുത്തലിന് സമീപിക്കുകയായിരുന്നെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ ടെലിവിഷൻ അഭിമുഖത്തിനിടെ പറഞ്ഞു.

ഇന്ത്യയെ സമീപിക്കാൻ സൗദി അറേബ്യ സഹായിച്ചെന്നും വിദേശകാര്യ മന്ത്രികൂടിയായ ദർ വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യർത്ഥന പരിഗണിച്ച്‌ സൈനികതലത്തില്‍ ഇന്ത്യ ചർച്ചയ്ക്ക് വഴിയൊരുക്കിയതാണ് വെടിനിറുത്തലിലേക്ക് നയിച്ചതെന്ന് തുറന്നുകാട്ടുന്നതാണ് ദറിന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഡി.ജി.എം.ഒ തലത്തില്‍ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിറുത്തലുണ്ടായിരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

താൻ ഇടപെട്ടാണ് വെടിനിറുത്തല്‍ സാദ്ധ്യമായതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളുന്നതാണ് ദറിന്റെ പ്രസ്താവന. നൂർ ഖാൻ അടക്കം സൈനിക കേന്ദ്രങ്ങള്‍ക്ക് ഇന്ത്യൻ മിസൈല്‍ ആക്രമണത്തില്‍ നാശം സംഭവിച്ചെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നേരത്തെ സമ്മതിച്ചിരുന്നു.

Advertisement