ടെല്‍അവീവ്: ഇസ്രയേല്‍ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതാദ്യമായാണ് സംഘർഷത്തില്‍ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.
മിസൈലുകളില്‍ പോർമുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകള്‍. ഇത് വൻ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ്
ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ക്ലസ്റ്റർ ബോംബുകള്‍ പോർമുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച് മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
ഏറെ അപകടം പിടിച്ച ഒന്നാണ് ക്ലസ്റ്റർ ബോംബുകള്‍. അതുകൊണ്ട് തന്നെ ക്ലസ്റ്റർ ബോംബ് മിസൈലുകള്‍ ഏറെ വിവാദമായ ഒന്നാണ്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകൻ ഇമ്മാനുവല്‍ ഫാബിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ക്ലസ്റ്റർ ബോംബ് മിസൈല്‍ വർഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.