ഇസ്രയേല്‍ വിരുദ്ധ നിലപാട്, രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ തടവ്; മുഹമ്മദ് ഖലീലിനെ മോചിപ്പിക്കണമെന്ന് യുഎസ് കോടതി

96
Advertisement

ന്യൂജേഴ്‌സി: ഗാസയ്ക്കെതിരായ ഇസ്രയേലിന്‍റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുഹമ്മദ് ഖലീലിനെ കസ്റ്റഡയില്‍ നിന്ന് മോചിപ്പിക്കണമെന്ന് യുഎസ് കോടതി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രധാനിയായിരുന്ന ഖലീലിനെ ഭരണകൂടം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്കൽ ഫാർബിയാർസ് വെള്ളിയാഴ്ച വൈകുന്നേരമാണ് ഖലീലിനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി ലംഘിച്ചുള്ള രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് ഖലീല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

30 കാരനായ ഖലീൽ കഴിഞ്ഞ വർഷമാണ് യുഎസില്‍ സ്ഥിര താമസക്കാരനായത്, അദ്ദേഹത്തിന്റെ ഭാര്യയും മകനും യുഎസ് പൗരന്മാരാണ്. സിറിയൻ വംശജനായ ഖലീലിന്‍റെ ഭാര്യ ഡോ. നൂർ അബ്ദുള്ളയാണ്. 104 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്‍റെ കുഞ്ഞിന്‍റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങാനാണ് ഖലീല്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ നിലവില്‍ ന്യൂയോര്‍ക്കിലാണ്. മാർച്ച് മുതൽ യുഎസിൽ പലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ പ്രതിഷേധത്തില്‍ ഭാഗമായതിന് അനവധി വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിട്ടുള്ളത്.

Advertisement