കുവൈറ്റില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം

Advertisement

കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്.
അര്‍ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. മൂന്നു പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ താമസക്കാര്‍ ഫ്ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി യൂണിറ്റുകളും പ്രത്യേക തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളും വേഗത്തില്‍ അയച്ച് തീ നിയന്ത്രണവിധേയമാക്കിയതായി ജനറല്‍ ഫയര്‍ ഫോഴ്‌സ് സ്ഥിരീകരിച്ചു.
തീപിടുത്തത്തിന്റെ കാരണവും കൃത്യമായ സാഹചര്യങ്ങളും നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമകളോടും പ്രോപ്പര്‍ട്ടി മാനേജര്‍മാരോടും അഗ്നി സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്ന് ഉറപ്പാക്കും.

Advertisement