ഹൈദരാബാദ്: ഹൈദരാബാദിൽ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. സംഘാടകര്‍ക്കെതിരേ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് മില്ല മാഗി മത്സരത്തിൽ നിന്ന് പിന്മാറി യുകെയിലേക്കു മടങ്ങിയത്. പ്രദർശനവസ്തു പോലെയാണ് സംഘാടകർ മത്സരാർഥികളെ കൈകാര്യം ചെയ്യുന്നതത്. മത്സരാർഥികളെ വിൽപന വസ്തുക്കളായാണ് കാണുന്നത്. നന്ദി പ്രകടിപ്പിക്കുന്നതിനായി മധ്യവയസ്കരായ സ്പോൺസർമാർക്കൊപ്പം രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഹാളിലിരുത്തിയെന്നും മില്ല മാഗി വെളിപ്പെടുത്തി.
74 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മിസ് ഇംഗ്ലണ്ട് കിരീടം നേടിയ മത്സരാർഥി ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാതെ മടങ്ങുന്നത്. ‘രാവിലെ മുതല്‍ രാത്രി വരെ ബോള്‍ ഗൗണും മേക്കപ്പും ധരിച്ച് സ്പോൺസർമാർക്കൊപ്പം ഹാളിലിരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരമാകുമെന്നാണ് കരുതിയത്. എന്നാല്‍ യജമാനന്റെ നിർദേശാനുസരണം ചലിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു. അവിടെ തുടരാൻ കഴിയില്ലെന്ന് വ്യക്തിപരമായി തോന്നിയതിനാലാണ് പിന്മാറിയത്. ലൈംഗിക തൊഴിലാളിയാണോ എന്നു തോന്നിപ്പോയി.’– ‘ദ് സണ്ണി’നു നൽകിയ അഭിമുഖത്തിൽ മില്ല മാഗി പറഞ്ഞു.
അതേസമയം മില്ലയുടെ ആരോപണങ്ങൾ സംഘാടകർ നിരസിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മടങ്ങിപ്പോകുന്നതെന്ന് മില്ല പറഞ്ഞിരുന്നതായും സംഘാടകര്‍ വെളിപ്പെടുത്തി. ഏഴിന് ഹൈദരാബാദില്‍ എത്തിയ വയസുകാരിയായ മില്ല 16-നാണ് യു.കെയിലേക്ക് മടങ്ങിയത്. ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്.