മേയ് 10ന് ഇന്ത്യ നടത്തിയത് 4 വ്യോമാക്രമണങ്ങൾ; പാക്കിസ്ഥാന്റെ ചൈനീസ് നിർമിത വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

551
Advertisement

ന്യൂ‍ഡൽഹി: മേയ് 10ന് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനെതിരെ നാല് തവണ വ്യോമാക്രമണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. സ്കാൽപ് മിസൈലും ബ്രഹ്മോസ് മിസൈലും ഒരുമിച്ചായിരുന്നു ഇന്ത്യ പ്രയോഗിച്ചതെന്നും ഒരു ലക്ഷ്യസ്ഥാനവും ഇന്ത്യയ്ക്കു തെറ്റിയില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേയ് 10ന് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയായി പാക്കിസ്ഥാൻ നടത്തിയ ഓപ്പറേഷൻ
ബുൻയാനു മർസൂസ് എട്ട് മണിക്കൂർ മാത്രമാണ് നീണ്ടുനിന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ നടത്തിയ നാല് വ്യോമാക്രമണങ്ങളിൽ ശത്രുവിന്റെ വ്യോമതാവളങ്ങളും വ്യോമസേനാ കേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളും തകർക്കപ്പെട്ടെന്നും ഇതിനുപിന്നാലെ യുഎസിനോട് വെടിനിർത്തലിൽ ഇടപെടാൻ പാക്കിസ്ഥാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആദ്യ ആക്രമണത്തിൽ തന്നെ ചക്‌ലാലയിലെ നൂർ ഖാൻ വ്യോമതാവളത്തിലെ വടക്കൻ വ്യോമ കമാൻഡ്-കൺട്രോൾ ശൃംഖലയാണ് തകർക്കപ്പെട്ടത്. അവസാന ആക്രമണം നടന്നത് ജേക്കബാബാദ്, ബൊളാരി വ്യോമതാവളങ്ങളിലാണ്. അപ്പോഴേക്കും പാക്കിസ്ഥാൻ വെടിനിർത്തലിനായി യുഎസ് ഇടപെടൽ തേടുകയായിരുന്നു. അതേസമയം മേയ് 10 ന് പുലർച്ചെ 1.00 മണിക്ക് ആരംഭിച്ച പാക്കിസ്ഥാന്റെ ബുൻയാനു മർസൂസ് ഓപ്പറേഷൻ രാവിലെ 9.30 വരെ മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഇതിനിടെ ഇന്ത്യ വിവിധതരം എയർ-ടു-സർഫസ് മിസൈലുകൾ ഉപയോഗിച്ച് പ്രത്യാക്രമണം ശക്തമാക്കിയെന്നുമാണു റിപ്പോർട്ട്.

ഓപ്പറേഷൻ സിന്ദൂറിനിടെ ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം 11 തവണയെങ്കിലും പാക്ക് മിസൈലുകൾക്കെതിരെ പ്രവർത്തിക്കുകയും പാക്കിസ്ഥാന്റെ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമായ സാബ് –2000നെ തകർക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഒരു സി-130 ജെ മീഡിയം ലിഫ്റ്റ് വിമാനം, ഒരു ജെഎഫ്-17, രണ്ട് എഫ്-16 യുദ്ധവിമാനങ്ങൾ എന്നിവ മിസൈലുകൾ ഉപയോഗിച്ച് തകർത്തതിനുള്ള തെളിവുകൾ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേയ് 10 ന്, ലഹോറിൽ ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണം ചൈനീസ് നിർമിത എൽവൈ-80 വ്യോമ പ്രതിരോധ സംവിധാനത്തെയും കറാച്ചിയിലെ മാലിറിൽ വച്ച് ഇന്ത്യൻ മിസൈൽ എച്ച്ക്യൂ-9, (എസ്-300 ന്റെ ചൈനീസ് പതിപ്പ്) തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. മേയ് 10ന് രാവിലെ കറാച്ചി നാവിക തുറമുഖം ലക്ഷ്യമിടാൻ ഇന്ത്യൻ നാവികസേന ഒരുങ്ങിയിരുന്നുവെന്നും, മകരൻ തീരത്തു നിന്ന് 260 മൈൽ അകലെ വരെ സൈന്യം നീങ്ങിയിരുന്നുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ തുറമുഖത്ത് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ ഡിജിഎംഒ അറിയിച്ചു. എന്നാൽ പാക്ക് ഡിജിഎംഒയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കാൻ തീരുമാനിക്കുകയും വൈകാതെ, പാക്കിസ്ഥാൻ ഡിജിഎംഒ ഇന്ത്യയെ നേരിട്ട് വിളിച്ച് വെടിനിർത്തലിന് അഭ്യർഥിക്കുകയുമായിരുന്നുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

Advertisement