കിങ്സ്ലിൻ: ബ്രിട്ടിഷ് രാജാവിന്റെയും ബിബിസിയുടെയും ആദരം ഒരു പോലെ റ്റിൻസി ജോസിനെ തേടിയെത്തിയത് മലയാളികൾക്ക് അഭിമാനം നിമിഷങ്ങളാണ് സമ്മാനിച്ചത്. ക്വീൻ എലിസബത്ത് ആശുപത്രിയിലെ നഴ്സായ റ്റിൻസിയിലെ രാജ്യാന്തര നഴ്സിങ് ദിനാഘോഷത്തിൽ കൊട്ടാരത്തിൽ നടന്ന ‘ഗാർഡൻ പാർട്ടി’യിലേക്ക് ക്ഷണിച്ചാണ് ചാൾസ് രാജാവ് ആദരിച്ചത്.
ആതുരസേവന രംഗത്തെ മികവിനാണ് ‘ബിബിസി ബ്രെവറി അവാർഡ്’ റ്റിൻസിക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് റ്റിൻസിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിജ്ഷയർ കൊട്ടാരത്തിലേക്ക് ഗാർഡൻ പാർട്ടിയിലേക്ക് നാമനിർദേശം ചെയ്തത്. കേംബ്രിജ് കൗണ്ടിയിൽ ‘മേക്ക് എ ഡിഫറനൻസ്’ അവാർഡ് വിഭാഗത്തിൽ റ്റിൻസി സ്വയം മുന്നോട്ട് വന്ന സ്വന്തം ജീവിതകഥ പങ്കുവയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് റ്റിൻസിക്ക് 2024ൽ ബിബിസിയുടെ ധീരതയ്കുള്ള അവാർഡ് ലഭിച്ചത്.
ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന ഗാർഡൻ പാർട്ടിയിൽ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, കാമിലാ രാജ്ഞി, ആനി രാജകുമാരി, എഡ്‌വേർഡ് രാജകുമാരൻ, തുടങ്ങിയ വിശിഷ്‌ട വ്യക്തികളും, ഒട്ടറെ പ്രമുഖരും പങ്കുചേർന്നിരുന്നു. 1860 മുതൽ പൊതുസമൂഹത്തിൽ ശ്രദ്ധേമായ സംഭാവന നൽകിയവരെ ആദരിക്കുന്നതിനാണ് ഗാർഡൻ പാർട്ടികൾ രാജകുടുംബം സംഘടിപ്പിക്കുന്നത്.
സമാന രോഗബാധിതർക്ക് പരിപാലനവും ഒത്തുചേരുവാനുള്ള, പ്ലാറ്റ്ഫോമും ക്രമീകരിക്കുന്നതിന് റ്റിൻസി ശ്രദ്ധേമായ സംഭാവനകൾ നൽകി. രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള ക്യാംപെയ്നും റ്റിൻസി നടത്തിയിട്ടുണ്ട്. മാത്രമല്ല, പാർക്കിൻസൺ രോഗബാധിതരെ പരിപാലിക്കുന്നതിന് നിർണായക സംഭാവനയാണ് റ്റിൻസി നൽകിയിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ പാർക്കിൻസൺ യുകെ’ യെ പ്രതിനിധീകരിച്ച് പാർലമെന്റിലും മാധ്യമങ്ങളിലും പല തവണ റ്റിൻസി പ്രത്യക്ഷപ്പെട്ടു.
2019ൽ റ്റിൻസിക്ക് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചു. സ്വപ്നങ്ങളും പ്രതീക്ഷങ്ങളും ജീവിതത്തിന്റെ വർണ്ണങ്ങളും നഷ്ടമായി. ഈ രോഗബാധിതരെയായ പലരെയും നേരിൽ കണ്ടതിന്റെ ഓർമകൾ ഏറെ അലോരസപ്പെടുത്തിയെന്ന് റ്റിൻസി പറഞ്ഞു. പക്ഷെ മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവർ നൽകിയ ഉപദേശങ്ങൾ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുൻപോട്ടുപോകനുള്ള കരുത്തു നൽകിയെന്ന് റ്റിൻസി കൂട്ടിച്ചേർത്തു.
സഹോദരിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ ആത്മധൈര്യവും ശക്തിയും പകർന്ന് റ്റിൻസി താങ്ങുംതണലുമായി. ഇത്തവണ സഹോദരി റ്റിൻസിയുടെ ധൈര്യമായി. ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ശക്തമായ പിന്തുണയോടെ ‘ജീവിത താളം’ തിരികെ പിടിക്കുവാൻ റ്റിൻസിക്ക് അധിക സമയം വേണ്ടിവന്നില്ല.
റ്റിൻസി ഇതോടെ പാർക്കിൻസൺ രോഗത്തെ സംബന്ധിച്ച് വ്യക്തിപരമായ പഠനവും ഗവേഷണങ്ങളും നടത്തി. സ്വന്തം അനുഭവം പങ്കുവച്ചും ബോധവൽക്കരണം നടത്തിയും പാർക്കിൻസൻസൺ രോഗികൾക്കിടയിൽ പ്രതീക്ഷയുടെ പൊൻവിളക്കായി മാറുകയാണ് റ്റിൻസി. രോഗങ്ങൾക്ക് റ്റിൻസിയെ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്നതിൽ ഉപരി സുഹൃത്തയായി കാണുന്നു. സഹപ്രവർത്തകർ റ്റിൻസിയെ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു.
നിലവിൽ പാർക്കിൻസൺ രോഗം പൂർണ്ണമായി ഭേദമാക്കുന്നതിന് സാധിക്കുകയില്ല. പക്ഷേ നിലവിലുള്ള ചികിത്സാവിധി മുടക്കം കൂടാതെ കൃത്യമായി പാലിച്ചാൽ സങ്കീർണ്ണമാക്കാതെ നോക്കുവാൻ കഴിയും. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം ഗ്രാമത്തിൽ കാരികുന്നേൽ കുടുംബത്തിലെ ഏഴാം കുട്ടിയായിട്ടാണ് റ്റിൻസിയുടെ ജനനം. കോയമ്പത്തൂരെ ജെ.കെ കോളജിൽ നിന്നും നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചു വർഷങ്ങൾ നാട്ടിൽ ജോലിചെയ്തു. 2008 ലാണ് റ്റിൻസി യുകെയിൽ എത്തുന്നത്. ആദ്യ വർഷങ്ങൾ നഴ്സിങ് ഹോമിൽ ജോലിചെയ്ത റ്റിൻസി 2014 ലാണ് കിങ്‌സ് ലിന്നിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നഴ്സ് ആയി ജോലിക്കു കയറുന്നത്.
2019ൽ പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചു. 2020ൽ ബാൻഡ് 6 ജൂനിയർ നഴ്സായി സ്ഥാനകയറ്റം ലഭിച്ചു. നിശ്ചയദാർഢ്യവും മനക്കരുത്തുമാണ് റ്റിൻസിയെ ജീവിതത്തിലും കരിയറിലും മുന്നോട്ട് നയിച്ചത്. നിലവിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ജൂനിയർ നഴ്സാണ് റ്റിൻസി ‘പാർക്കിൻസൺസ് മെഡിക്കേഷൻ സേഫ്റ്റി ക്യാംപെയ്ൻ വർക്’ ദേശീയ അവാർഡ്, 2023, 2025 കളിലായി പാർലിമെന്റിൽ മൂന്നു തവണ സന്ദർശിക്കുവാൻ അവസരം എന്നിവ റ്റിൻസിയെ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാർക്കിൻസൺ ദിനാചരണങ്ങളുടെ ഭാഗമായി, ‘പാർക്കിൻസൺ യുകെ’ യുടെ പ്രതിനിധിയായി പങ്കെടുത്തു. 2024 മുതൽ 2027 വരെ ‘മെഡിക്കേഷൻ സേഫ്റ്റി പ്രോഗ്രാം’ എൻഎച്ച്എസ് ഇംഗ്ലണ്ട് യുകെ ആവിഷ്ക്കരിച്ചതിൽ റ്റിൻസിക്കും പങ്കുണ്ട്.
കേംബ്രിജ്‌ഷെയറിലെ വിസ്‌ബീചിലാണ് റ്റിൻസിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭർത്താവ്. ഇവർക്ക് രണ്ടു ആൺകുട്ടികളാണുള്ളത്. ഏറെ അംഗീകാരങ്ങൾ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലിഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാൾസ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തിൽ ഗാർഡൻ പാർട്ടിയിൽ പങ്കു ചേരുവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നു. ആ കൂടിക്കാഴ്ചയുടെ ഓർമകൾ എന്നും മനസ്സിൽ സൂക്ഷിക്കുമെന്ന് വികാരഭരിതയായി റ്റിൻസി വെളിപ്പെടുത്തി.