ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ; വളരെ വേഗത്തിൽ പടരുന്നുവെന്ന് മെ‍ഡിക്കൽ വിദഗ്ധർ

345
Advertisement

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. ഞായറാഴ്ച അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. കാൻസർ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്താവനയിൽ പറയുന്നു.

മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡൻ ഡോക്ടറുടെ സേവനം തേടിയത്. തുടർന്ന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിക്കുകയായിരുന്നു. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട കാൻസറാണ് ജോ ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. 10-ൽ 9 ഗ്ലീസൺ സ്കോർ ആണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചിരിക്കുന്ന രോഗത്തിന്റെത്. കാൻസർ രോഗം ഗുരുതരമായി എന്നാണ് ഇതു വ്യക്തമാക്കുന്നത്.

രോഗബാധ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയും ബൈഡന്റെ ഓഫീസ് നൽകുന്നുണ്ട്. യുഎസ് പ്രസിഡന്റ് പദവി വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ജോ ബൈഡൻ. അതേസമയം ജോ ബൈഡന്റെ രോഗനിർണയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദുഖം രേഖപ്പെടുത്തി. ‘‘ജോ ബൈഡന്റെ രോഗനിർണയത്തെക്കുറിച്ച് കേട്ടതിൽ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണ്’’ – ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതി. താനും ഭർത്താവ് ഡഗ് എംഹോഫും ബൈഡനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എക്സിൽ കുറിച്ചു. ‘‘ജോ ഒരു പോരാളിയാണ്. ശക്തിയോടെയും, പ്രതിരോധശേഷിയോടെയും ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാം’’ – കമലാ ഹാരിസ് പറഞ്ഞു.

Advertisement