‘പാകിസ്ഥാന് രഹസ്യങ്ങൾ ചോർത്തി, ഓപ്പറേഷൻ സിന്ദൂർ വിവരങ്ങളും കൈമാറി’; കുറ്റം സമ്മതിച്ച് കൈതാളിൽ പിടിയിലായ യുവാവ്

1014
Advertisement

ചണ്ഡീഗഡ്: പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്ത്യ പാക് സം​ഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുഹ്‌ല പൊലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകുന്നത്.

പാകിസ്ഥാനിലുള്ള ഒരാൾക്ക് ദേവേന്ദർ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പട്യാലയിലെ ഒരു കോളേജിൽ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പിടിയിലായ ദേവേന്ദർ. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദർ പകർത്തുകയും, അത് പാകിസ്ഥാനിലുളള ഒരാൾക്ക് പങ്കുവെക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ തോക്കുകളുടെ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചതിന് ഞായറാഴ്ചയാണ് ദേവേന്ദറിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനിടെയാണ് യുവാവ് പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ കൈമാറിയതായി പൊലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി യുവാവ് പാകിസ്ഥാനിലേക്ക് പോയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദേവേന്ദറിൻറെ മൊബൈൽ ഫോണും ലാപ്ടോപ്പും സാമൂഹിക മാധ്യമ അക്കൌണുകളും പരിശോധിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൈതാൾ ഡിഎസ്പി വീർഭൻ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പും പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങൾ ചോർത്തി കൊടുത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാനിപത്തിലെ വ്യവസായ ശാലയിൽ സുരക്ഷാ ഗാർഡായ ഉത്തർപ്രദേശ് ഖൈറാന സ്വദേശി നൗമാൻ ഇലാഹിയെയാണ് പൊലീസ്പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്തതിൽ ഇയാൾക്ക് പാകിസ്ഥാനിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പല പ്രധാനപ്പെട്ട വിവരങ്ങളും പ്രതി ഇവർക്ക് കൈമാറിയിരുന്നതായും കർണാൽ പോലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു.

Advertisement