ന്യൂ ഡെൽഹി : വെടിനിർത്തലിന് പിന്നാലെ അതിർത്തിയില്‍ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം. ശ്രീനഗറില്‍ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തല്‍ എവിടെയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.പാക് പ്രകോപനത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകയാണ്. അഞ്ച് മണിയാടെയാണ് വെടിനിർത്തൽ ധാരണ ഉണ്ടായത്. എന്നാൽ 7 മണിയോടെ പാകിസ്ഥാൻ വാക്ക് തെറ്റിക്കുകയായിരുന്നു.പാക് നടപടി അപലപനീയമാണന്ന് ഇന്ത്യ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ന് രാത്രി 11.30 ന് പാക് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബാധന ചെയ്യും. എന്താകും പട്ടാള നടപടിയെ കുറിച്ച് അദ്ദേഹം പറയുക എന്നത് ഏവരും കാത്തിരിക്കുകയാണ്.
വിഷയം കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിലെത്തി കണ്ടു.
പാക് ഡ്രോണുകള്‍ ശ്രീനഗർ അതിർത്തിയിലെത്തിയെന്നാണ് സൂചന. ലാല്‍ചൗക്കില്‍ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും വിവരമുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, കത്വ രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോണ്‍ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. ജയ്‌സാല്‍മീറിലും സമാന നിയന്ത്രണമുണ്ട്. ജമ്മു മുതൽ ഗുജറാത്ത് വരെയുളള അതിർത്തി മേഖലകളിലും ചണ്ഡീഗഢിലും പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട്, മോഗ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നല്‍കി.
ഗുജറാത്തിലെ കച്ചിലെ ഹരമിനാല പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചിട്ടതായി വിവരമുണ്ട്. കച്ചില്‍ ഡ്രോണ്‍ എത്തിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി എക്സില്‍ കുറിച്ചു. വിവിധ ജില്ലകളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുമെന്നും സുരക്ഷിതരായി ഇരിക്കാനും ഇദ്ദേഹം എക്സിലെ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. പഞ്ചാബില്‍ എവിടെയും ഡ്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ബ്ലാക്ക് ഔട്ട് പിൻവലിച്ച സ്ഥലങ്ങളില്‍ തന്നെ ഇപ്പോള്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതായാണ് വിവരം.
ജമ്മുവിലെ രജൗരി, അഖ്‌നൂർ, തുടങ്ങിയ മേഖലകളില്‍ ബിഎസ്‌എഫിൻ്റെ പോസ്റ്റുകള്‍ക്ക് നേരെയും വെടിവയ്പ്പുണ്ടാകുന്നുണ്ട്. അതിർത്തി കടന്ന് ഡ്രോണുകള്‍ വന്നിട്ടില്ലെന്നും എന്നാല്‍ അതിർത്തിയിലേക്ക് പാക് ഡ്രോണുകളെത്തിയെന്നുമാണ് പ്രതിരോധ സേനാ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.