ഇസ്ലാമാബാദ്: ഇന്ത്യ – പാകിസ്ഥാൻ സംഘർത്തിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമർശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്.
ഷെഹബാസ് ഷെരീഫ് ഒരു ഭീരുവാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാൻ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് അഹമ്മദ് വിമർശിച്ചു. പാർലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരെ ഷാഹിദ് അഹമ്മദിന്റെ വിമർശനം.
“സിംഹങ്ങളുടെ സൈന്യത്തെ ഒരു കുറുക്കൻ നയിച്ചാല്‍ അവർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല, അവർ യുദ്ധത്തില്‍ തോല്‍ക്കും.” ടിപ്പു സുല്‍ത്താന്റെ ഒരു ഉദ്ധരണി ചൂണ്ടിക്കാട്ടി ഷാഹിദ് അഹമ്മദ് പറഞ്ഞു. “അതിർത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന നമ്മുടെ സൈനികർ നമ്മള്‍ ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി തന്നെ ഒരു ഭീരുവാകുമ്ബോള്‍, മോദിയുടെ പേര് പറയാൻ കഴിയാതെ വരുമ്ബോള്‍, മുൻനിരയില്‍ ജീവൻ പണയപ്പെടുത്തി പോരാടുന്നവർക്ക് നമ്മള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്?” ഷാഹിദ് അഹമ്മദ് ചോദിച്ചു.
നേരത്തെ, പാക് എംപി താഹിർ ഇഖ്ബാല്‍ പാർലമെന്റില്‍ വൈകാരികമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. “യാ ഖുദാ, ആജ് ബച്ചാ ലോ” (ദൈവമേ, ഇന്ന് ഞങ്ങളെ രക്ഷിക്കണമേ) എന്ന് അദ്ദേഹം പാർലമെന്റില്‍ അപേക്ഷിക്കുന്ന കാഴ്ച യഥാർത്ഥത്തില്‍ പാകിസ്ഥാന്റെ ദയനീയാവസ്ഥയുടെ നേർചിത്രമായാണ് വിലയിരുത്തപ്പെട്ടത്. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച തീവ്രമായ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതേ തുടർന്ന് പാകിസ്ഥാനില്‍ വലിയ ഭയം പിടിമുറുക്കുകയും ചെയ്തിരുന്നു.